വേങ്ങര : കഴിഞ്ഞ ദിവസം മുതൽ തുടർച്ചയായി പെയ്ത മഴയെ തുടർന്ന് വേങ്ങരയിലും പരിസരങ്ങളിലും വ്യാപക നാശനഷ്ടം. ഊരകം മലയിൽ നിന്ന് ഉൽഭവിക്കുന്ന തോടുകൾ കവിഞ്ഞൊഴികയും ചെരിഞ്ഞ പ്രദേശങ്ങളിൽ മണ്ണിടിഞ്ഞു വീണുമാണ് വ്യാപക നഷ്ടങ്ങളുണ്ടായത്. കണ്ണമംഗലം തോട്ടശ്ശേരിയറ ചെങ്ങാനി കുണ്ടിൽ ചെമ്പൻ താഹിർ, കോയിസൻ ഷംസു എന്നിവരുടെ വീടിനോട് ചേർന്ന ഭാഗം മീറ്ററുകളോളം ഇടിഞ്ഞ് ചെങ്ങാനി തോട്ടിലേക്ക് പതിച്ചു.
താഹിറിൻ്റെ ഒറ്റ നില കോൺക്രീറ്റ് വീടിൻ്റെ തറക്കൊപ്പമാണ് ഇടിച്ചിലുണ്ടായത്. മുറ്റത്തെ തെങ്ങ് കടപുഴകി താഴേക്ക് നീങ്ങുകയും, ശുചി മുറി പൂർണ്ണമായി തകരുകയും ചെയ്തു.തൊട്ടടുത്ത കോയിസൻ ഷംസുവിൻ്റെ ഇരുനില വീടിൻ്റെ അടുക്കളയോട് ചേർന്ന ഭാഗമാണ് തകർന്നതെങ്കിലും വീടിന് നാശമൊന്നുമുണ്ടായില്ല. ഇരു ഭാഗത്ത് നിന്നും 15 മീറ്റർ നീളത്തിലും 5 മീറ്റർ വീതം വീതിയിലും ആഴത്തിലുമാണ് ഇടിച്ചിലുണ്ടായത്. ഇടിഞ്ഞ ഭാഗത്ത് നിന്നും കല്ലും മണ്ണും വീണതിനെ തുടർന്ന് ചെങ്ങാനി തോടിൻ്റെ ഒഴുക്ക് തടസപ്പെട്ടിട്ടുണ്ട്. തോട് ഗതി മാറി ഒഴുകുന്ന അവസ്ഥയിലാണുള്ളത്.
വേങ്ങര, ചേറൂർ തോടുകൾ കവിഞ്ഞൊഴുകിയതിനെ തുടർന്ന് കണ്ണമംഗലം വേങ്ങര പഞ്ചായത്തുകളിൽ വെട്ടുതോട്, പാങ്ങാട്ട് കുണ്ട് ,കച്ചേരിപ്പടി ഇല്ലിക്കൽ ചിറ ഭാഗത്തെ നിരവധി വീടുകളിൽ വെള്ളം കയറി: കണ്ണമംഗലം പൂച്ചോല മാട് പാത്തിക്കൽ ഭാഗത്ത് ഒ.പി ഉമ്മറിൻ്റെയും, വേങ്ങര കുറ്റൂർ മാടം ചിനയിൽ തുമ്പയിൽ മുഹമ്മദ് ഷാഫിയുടെ വീടിനോട് ചേർന്നും, കണ്ണമംഗലം ചെങ്ങാനിയിൽ ചോല കവിഞ്ഞൊഴുകി സ്വകാര്യ റിസോര്‍ട്ടിൻ്റെ ഭാഗവുമാണ് തകര്‍ന്നത്. ഷാഫിയുടെ വീടിൻ്റെ അടുക്കള ഭാഗത്തേക്ക് 10 മീറ്ററോളം നീളവും അത്രയും വണ്ണത്തിലുള്ള വൻ പാറക്കല്ല് മുകളിൽ നിന്ന് അടർന്ന് വീഴുകയായിരുന്നു. ഇത് മുകളിൽ തന്നെ തങ്ങി നിന്നത് വൻ ദുരന്തം ഒഴിവാക്കി. ഒപ്പം മറ്റൊരു കല്ല് വീണ് അടുക്കള ഭാഗത്തെ മുറ്റവും ശുചിമുറി, കക്കൂസ് എന്നിവ പൂർണ്ണമായും തകർന്നിട്ടുണ്ട്. വെള്ളം കയറിയതിനെ തുടർന്ന് കണ്ണമംഗലം ചേറൂർ പാടം, വേങ്ങര കുറ്റൂർ, വലിയോറ പാടം, പറപ്പൂർ പടിഞ്ഞാറ്,കിഴക്കേ ഇരിങ്ങല്ലൂർ, എരുമപ്പുഴ, ഇല്ലിപിലാക്കൽ, ഊരകം കൽപാത്തിപ്പാടമടക്കം നിരവധി പാടശേഖരങ്ങളിലെ നെല്ലും വിവിധ വിളകളും നശിച്ചു. നാശനഷ്ടമുണ്ടായ കണ്ണമംഗലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ പ്രസിഡൻ്റ് യുഎം ഹംസ, ബ്ലോക്ക് അംഗം പുളിക്കൽ അബൂബക്കർ എന്നിവർ സന്ദർശിച്ചു. വേങ്ങരയിൽ പ്രസിഡൻ്റ് കെ പി ഹസീന, സെക്രട്ടറി കെ കെ പ്രഭാകരൻ, വില്ലേജ് ഓഫിസർ വിനോദ് ,കൃഷി ഓഫിസർ എം നജീബ് എന്നിവർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.