വേങ്ങര: എല്ലാ ദിവസവും വേങ്ങര ബസ് സ്റ്റാൻഡും റോഡും അടിച്ചുവാരി വൃത്തിയാക്കുന്ന കുഞ്ഞിക്കണ്ണന് അടിച്ചുവാരാൻ സ്വന്തമായൊരു വരാന്ത പോലുമില്ല. വേങ്ങര ഗ്രാമപഞ്ചായത്തിൽ 21ാം വാർഡിൽ നീലഞ്ചേരിപ്പറമ്പിലെ കോളനിയിൽ നാല് കാലിൽ ഒതുങ്ങുന്ന ഒരു ഷെഡിലാണ് ഇയാളുടെയും കുടുംബത്തിന്റെയും ഏറെക്കാലമായുള്ള താമസം. രോഗിയായ കുഞ്ഞിക്കണ്ണനും അസുഖ ബാധിതനായ മകനും ഓട്ടോ തൊഴിലാളിയായ മറ്റൊരു മകനും കുടുംബവും ഇവരുടെ കുഞ്ഞുമക്കളും ഉൾപ്പെടെ എട്ട് ആളുകളാണ് ഈ ഷെഡിൽ തിങ്ങിക്കഴിയുന്നത്. കഴിഞ്ഞ ഗ്രാമപഞ്ചായത്ത് ഭരണസമിതി വീടുവെക്കാൻ പണമനുവദിച്ചെങ്കിലും പണി പൂർത്തിയാക്കാനായില്ല. ചുമരും മേൽക്കൂരയുടെ വാർക്കപ്പണികളും തീർന്നിടത്ത് നിൽക്കുകയാണ് വീടുപണി.
ചുമരുകൾ വൃത്തിയാക്കാനോ വാതിലുകളും ജനലുകളും പിടിപ്പിക്കാനോ കഴിയാതെ നിർമാണത്തിലിരിക്കുന്ന വീട് കോളനിയിൽ നോക്കുത്തിയായി. കുത്തനെയുള്ള ഭൂമിയിൽ റോഡിൽ നിന്ന് ഇരുപതടിയോളം ഉയരത്തിലുള്ള വീടിന് പഞ്ചായത്ത് സംരക്ഷണ ഭിത്തി നിർമിച്ചെങ്കിലും നിർമാണത്തിലെ അശാസ്ത്രീയത കാരണം മഴക്കാലത്ത് മതിൽ ഇടിഞ്ഞുവീണു. പാതി നിർമാണത്തിലിരിക്കുന്ന വീടിന്റെ അത്യാവശ്യ ജോലികൾ കൂടി തീർത്ത് ഈ കുടുംബത്തിന് ആശ്വാസമേകാൻ ആരെങ്കിലും തയാറാവുമെന്ന വിശ്വാസത്തിലാണ് കുഞ്ഞിക്കണ്ണൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.