വേങ്ങര: വടക്കേ മലബാറിലെ പ്രസിദ്ധമായ മഹാദേവ ക്ഷേത്രങ്ങളായ കൊട്ടിയൂർ ശിവക്ഷേത്രങ്ങളിൽ വൈശാഖ മഹോത്സവത്തിനു ഇന്ന് തുടക്കമാവും. പതിവ് പോലെ ക്ഷേത്രത്തിലെ പാത്രങ്ങളും വിളക്കുകളും വേങ്ങരയിൽ കണ്ണമംഗലം പഞ്ചായത്തിലെ മേമാട്ടുപാറ സ്വദേശി പണ്ടാറപ്പെട്ടി ബീരാൻകുട്ടിയുടെ (70) കരവിരുതിൽ തിളങ്ങാൻ തുടങ്ങി. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ബാവലിപ്പുഴയുടെ തീരത്തുള്ള ഈ നാടിനെ ദക്ഷിണ കാശി എന്ന പേരിലും വിശേഷിപ്പിക്കാറുണ്ട്.
കൊട്ടിയൂർ മഹാദേവക്ഷേത്രത്തിലെ വൈശാഖ മഹോത്സവത്തിന് തുടക്കമാവുമ്പോൾ, അകത്തളത്തിലെ പാത്രങ്ങൾ കാലങ്ങളായി തിളങ്ങുന്നത് ബീരാൻ കുട്ടി ഈയം പൂശുമ്പോഴത്രേ. ഉത്സവം ആരംഭിക്കുന്നതിന് ഒരു മാസം മുമ്പുതന്നെ ബീരാൻ കുട്ടി ക്ഷേത്രത്തിലെത്താറുണ്ട്.
രണ്ടാഴ്ചയോളം ക്ഷേത്രത്തിൽ താമസിച്ചാണ് വലിയ ചെമ്പു പാത്രങ്ങളിലെ ക്ലാവുകൾ നീക്കം ചെയ്ത് ഈയം പൂശുന്നത്. ഒരു സഹായിയെക്കൂടി ഇയാൾ കൂടെ കൊണ്ടു പോകും.
55 വർഷം മുമ്പ് നന്നെ ചെറുപ്പത്തിൽ ജോലി തേടി തളിപ്പറമ്പിൽ എത്തിയ ബീരാൻ കുട്ടിയുടെ ഈ രംഗത്തെ ഗുരുക്കന്മാർ സി. കുഞ്ഞികൃഷ്ണൻ നായർ, സി. എച്ച്. ഗോപാലൻ നായർ, പി. ഗോപാലൻ നായർ എന്നിവരാണ്. 20 വർഷമായി ബീരാൻ കുട്ടി തന്നെയാണ് കൊട്ടിയൂരിൽ ഈയം പൂശൽ നടത്തുന്നത്. കൊട്ടിയൂരിൽ മാത്രമല്ല, ഉത്തര മലബാറിലെ പല ക്ഷേത്രങ്ങളിലെ പാത്രങ്ങളും തിളക്കമാവുന്നത് ബീരാൻ കുട്ടിയുടെ കരസ്പർശത്താലാണ്. മാനന്തവാടി വള്ളിയൂർ ക്ഷേത്രം, തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം, തലശ്ശേരി ജഗന്നാഥ ക്ഷേത്രം, കാസർകോഡ് മല്ലികാർജുന ക്ഷേത്രം തുടങ്ങിയവ അവയിൽ ചിലതു മാത്രം.
മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള ഇവിടങ്ങളിൽ നേരത്തേ ക്വൊട്ടേഷൻ നൽകിയാണ് ഇദ്ദേഹം കരാറിൽ ഏർപ്പെടുന്നത്. നാലു മാസത്തെ ഉത്സവ സീസണിൽ മാത്രമാണ് ഈയം പൂശൽ.
മറ്റു സമയങ്ങളിൽ കൃഷിയിൽ ഏർപ്പെടും. ഈ ഓണത്തിന് മികച്ച രീതിയിൽ പൂ കൃഷി ചെയ്യാനുള്ള ശ്രമത്തിലാണ് ബീരാൻ കുട്ടി. ഭാര്യ: പാത്തുമ്മു. എട്ടു മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.