വേങ്ങര: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി കുറ്റൂർ പാടത്തെ വേങ്ങരത്തോട്, കൈതത്തോട് എന്നിവ മണ്ണിട്ട് നികത്തി താൽക്കാലിക റോഡ് നിർമിക്കുന്നതിനെ ചൊല്ലി കർഷകരും നാട്ടുകാരും ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി.
പ്രസിഡൻറ് മണ്ണിൽ ബെൻസീറ, അംഗങ്ങളായ പി.പി. സഫീർ ബാബു, പറങ്ങോടത്ത് അസീസ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മടപ്പള്ളി അരിഫ, ബ്ലോക്ക് കൃഷി ഡയറക്ടർ പ്രകാശ് പുത്തൻമഠത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശിച്ചത്.
എൻ.എച്ച് നവീകരണത്തിന്റെ ഭാഗമായി കൂരിയാട് മുതൽ കൊളപ്പുറം വരെ പാടത്ത് നിലവിലുള്ള പാതക്ക് ഇരുപുറവുമായി 10 മീറ്റർ വീതിയിലും ഒരു കിലോമീറ്റർ ദൂരത്തിലും റോഡ് നിർമാണം നടക്കുകയാണ്. ഇതിനായി വേങ്ങരത്തോടിനും കൈതത്തോടിനും മുകളിൽ മണ്ണിട്ട് നികത്തുകയും നീരൊഴുക്ക് തടസ്സപ്പെടാതിരിക്കാൻ ഇരു തോട്ടിലും 1200 മില്ലിമീറ്റർ വ്യാസത്തിൽ കോൺക്രീറ്റ് പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികളും നടക്കുന്നു.
വർഷക്കാലത്ത് തോട്ടിലൂടെ ഒഴുകിയെത്തുന്ന ജലത്തെ പുഴയിലേക്ക് ഒഴുക്കാൻ ഈ പൈപ്പ് ഓടകൾ മതിയാവില്ലെന്നും അങ്ങനെ വന്നാൽ നീരൊഴുക്ക് തടസ്സപ്പെട്ട് വൻതോതിൽ ജലം കെട്ടിനിന്ന് കൃഷി നാശത്തിന് ഇടയാക്കുമെന്നും കർഷകർ പറയുന്നു. ഈ സാഹചര്യത്തിൽ കർഷകരും പരിസരവാസികളും ബ്ലോക്ക് പഞ്ചായത്തിനെ കാര്യങ്ങൾ അറിയിക്കുകയും തങ്ങളുടെ ആശങ്ക പങ്കുവെക്കുകയും ചെയ്യുകയായിരുന്നു.
ദേശീയപാത വിഭാഗവുമായി ചർച്ച നടത്തിയപ്പോൾ അടുത്ത മഴക്ക് മുമ്പ് ജോലികൾ പൂർത്തിയാക്കി തോടുകൾ പൂർവസ്ഥിതിയിലാക്കുമെന്ന് ഉറപ്പു ലഭിച്ചതായി ബ്ലോക്ക് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.