വേങ്ങര: കോവിഡാനന്തരം സമൂഹത്തിൽ സിന്തറ്റിക് ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചതായി എക്സൈസ് വകുപ്പ് വേങ്ങരയിൽ നടത്തിയ വിമുക്തി ലഹരി വിരുദ്ധ ബോധവത്കരണ ശിൽപശാല അഭിപ്രായപ്പെട്ടു. 2020 വരെ കേരളത്തിൽ കേട്ടുകേൾവി പോലുമില്ലാത്തതായിരുന്നു എം.ഡി.എം.എ പോലുള്ള സിന്തറ്റിക് ലഹരികൾ. ഇന്നത് സംസ്ഥാനത്ത് വ്യാപകമാണ്. വീട്ടമ്മമാർ, വിദ്യാർഥികൾ യുവജനങ്ങളടക്കം ഇന്നതിന് ഇരയാവുന്നു.
ഇത്തരം വിപത്തിനെതിരെ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും ശിൽപശാല ആവശ്യപ്പെട്ടു. സംസ്ഥാന എക്സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തുന്ന ബോധവത്കരണത്തിന്റെ ഭാഗമായാണ് ശിൽപശാല സംഘടിപ്പിച്ചത്. പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മണ്ണിൽ ബെൻസീറ അധ്യക്ഷത വഹിച്ചു.
എക്സൈസ് തിരൂരങ്ങാടി സി.ഐ എസ്. മധുസൂദന പിള്ള, ബ്ലോക്ക് വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ, ഊരകം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മൻസൂർ കോയ തങ്ങൾ, എ.ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ലിയാഖത്തലി, ബ്ലോക്ക് സ്ഥിരസമിതി അധ്യക്ഷന്മാരായ പി.പി. സഫീർ ബാബു, സഫിയ മലേക്കാരൻ, എം. സുഹിജാബി എന്നിവർ സംസാരിച്ചു. എക്സൈസ് പ്രിവന്റിവ് ഓഫിസർ പി. ബിജു ക്ലാസെടുത്തു. പ്രിവന്റിവ് ഓഫിസർമാരായ പ്രജേഷ്, പി.എം. ലിഷ, സി.എം. അഭിലാഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.