വേങ്ങര (മലപ്പുറം): ഓൺലൈൻ പണമിടപാട് സ്ഥാപനത്തിൽ പണം നിക്ഷേപിച്ചത് തിരിച്ചു കിട്ടുന്നതിന് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ നാലുപേർ വേങ്ങര പൊലീസിന്റെ പിടിയിൽ. ചെമ്മാട് പന്താരങ്ങാടി കണ്ണിത്തൊടി അയൂബ് (32), വെളിമുക്ക് ഊർപാട്ടിൽ അബ്ദുസമദ് (52), കൊടിഞ്ഞി ഊർപാട്ടിൽ മുഹമ്മദ് ജുനൈദ് (28), ചെമ്മാട് ചീർപ്പങ്ങൽ പാലമടത്തിൽ സൈനുദ്ധീൻ (32) എന്നിവരെയാണ് സ്റ്റേഷൻ ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫ അറസ്റ്റ് ചെയ്തത്.
ഊരകം നെല്ലിപ്പറമ്പ് പാലക്കൽ റഷീദലിയുടെ (39) പരാതിയിലാണ് നടപടി. ദുബൈ കേന്ദ്രീകരിച്ചുള്ള മൈ ക്ലബ് കമ്പനി എന്ന പേരിലുള്ള സ്ഥാപനത്തിലേക്ക് പരാതിക്കാരനും പ്രതികളും ലാഭവിഹിതത്തിനായി പണം നിക്ഷേപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 28ന് പരാതിക്കാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് കേസ്.
സ്ഥാപനത്തിൽ നേരത്തെ പണം നിക്ഷേപിച്ചിരുന്ന റഷീദലിയുമായുള്ള ബന്ധത്തെ തുടർന്നാണ് ഏതാണ്ടു മൂന്നു വർഷം മുമ്പ് പ്രതികളും പണം നിക്ഷേപിച്ചത്. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും ലാഭം ലഭിച്ചില്ല. ഇതോടെ റഷീദലിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നു. നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് യുവാവിനെ മർദിച്ച ശേഷം സംഘം ഇയാളുടെ സ്കൂട്ടറുമായി കടന്നു കളഞ്ഞു.
മൈ ക്ലബ് കമ്പനിയുടെ മറ്റൊരു ശാഖ കോഴിക്കോട് ബിസിനസ് മാളിലാണ് പ്രവർത്തിച്ചിരുന്നത്. വിവിധയാളുകൾ ലക്ഷങ്ങൾ ഇവിടെ നിക്ഷേപിച്ചതായാണ് വിവരം. ഈ സ്ഥാപനമിപ്പോൾ പ്രവർത്തിക്കുന്നില്ലെന്ന് പൊലീസ് പറയുന്നു. ചെമ്മാട് പച്ചക്കറി കച്ചവടം നടത്തിയിരുന്ന റഷീദലിയുടെ സ്ഥാപനം പ്രതികളുടെ ഇടപെടലിനെ തുടർന്ന് പൂട്ടിയിരുന്നു. ആറോളം പേരാണ് പ്രതിപ്പട്ടികയിലുള്ളതെന്ന് പൊലീസ് പറഞ്ഞു. പിടികൂടിയ പ്രതികളെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എസ്.ഐ ഉണ്ണികൃഷ്ണൻ, എ.എസ്.ഐ അശോകൻ, ഹരിദാസൻ, അനിൽകുമാർ, സഹീർ എന്നിവരാണ് സി.ഐക്കു പുറമേ പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.