വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകൾ ഉൾപ്പെടുന്ന പാക്കടപ്പുറായ എറിയാട്ടരുകുളത്ത് കുടിവെള്ള വിതരണത്തിനായി ജില്ല പഞ്ചായത്ത് 2004-05 സാമ്പത്തിക വർഷം 5.56 ലക്ഷം രൂപ ചെലവഴിച്ച് പണി പൂർത്തിയാക്കിയ കുടിവെള്ള പദ്ധതി ഒരു തുള്ളി വെള്ളം പോലും വിതരണം ചെയ്യാതെ അവസാനിപ്പിക്കുന്നു. കുടിവെള്ള പദ്ധതിക്കായി പാർശ്വഭിത്തി കെട്ടി സജ്ജമാക്കിയിരുന്ന കിണർ ഇപ്പോൾ കുളമായി രൂപാന്തരപ്പെടുത്താൻ ജില്ല പഞ്ചായത്ത് 25 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. ജില്ല പഞ്ചായത്തിനുകീഴിൽ 16.03.2005ന് ആണ് ഗുണഭോക്താക്കളെ ഉൾപ്പെടുത്തി ഒരു കുടിവെള്ള പദ്ധതി കമ്മിറ്റി രൂപവത്കരിച്ചത്. നൂറ് കണക്കിന് സ്ത്രീകളും കുട്ടികളും കുളിക്കാൻ ഉപയോഗിക്കുന്നതും വയലിലെ കൃഷികൾക്ക് ഉപയോഗിക്കുന്നതുമായ കുളമാണ് കുടിവെള്ള പദ്ധതിക്ക് വേണ്ടി തിരഞ്ഞെടുത്തത്.
ജില്ല പഞ്ചായത്ത് ഫണ്ടിന്റെ കൂടെ പല ഫണ്ടുകൾ ഉപയോഗിച്ച് കുളം ശരിയാക്കി, പമ്പ് സെറ്റ് സ്ഥാപിച്ചു ടാങ്കിന്റെ പണി പൂർത്തിയാക്കിയെങ്കിലും ഗ്രാമപഞ്ചായത്ത് അധികൃതർക്ക് പണി പൂർത്തീകരിച്ചു പദ്ധതി കമീഷൻ ചെയ്യാനായില്ല. മലപ്പുറത്ത് നടന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ അദാലത്തിൽ ഈ വിഷയം വിവരാവകാശ പ്രവർത്തകൻ എ.പി. അബൂബക്കർ ഉന്നയിച്ചതോടെ ജില്ല പഞ്ചായത്ത് അധികൃതർ വിഷയം പഠിച്ചു റിപ്പോർട്ട് ചെയ്യാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
പാക്കടപ്പുറായ കുറ്റൂർ വയലിനരികിലുള്ള സ്ഥലത്ത് ചെറിയ കുളവും അതിനടുത്ത് പൂട്ടിക്കിടക്കുന്ന പമ്പ് ഹൗസും ഉണ്ടെന്നാണ് വിഷയം പഠിക്കാനെത്തിയ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തത്. ഈ വാട്ടർ ടാങ്കിൽനിന്ന് വീടുകളിലേക്ക് വാട്ടർ ലൈനുകളൊന്നും സ്ഥാപിച്ചിട്ടില്ലെന്നും ഇവരുടെ റിപ്പോർട്ടിലുണ്ട്. ഈ സാഹചര്യത്തിൽ ഈ ജല സ്രോതസ്സ് കുളമാക്കി മാറ്റാനാണ് ജില്ല പഞ്ചായത്ത് ഉദ്ദേശിക്കുന്നത്. ഫലത്തിൽ, നികുതിപ്പണം കൊണ്ട് ലക്ഷങ്ങൾ മുടക്കിയ പദ്ധതി തീർത്തും ഉപേക്ഷിച്ച മട്ടാണ്. പകരം ഒരു കുളം കൊണ്ട് നാട്ടുകാർ തൃപ്തിപ്പെടേണ്ടി വരും. അതേസമയം ജലനിധി പദ്ധതി മുഖേന പഞ്ചായത്തിൽ കുടിവെള്ള വിതരണം ഉള്ളതിനാൽ 20 വർഷം മുമ്പ് പണി തുടങ്ങിയ, പൂർത്തിയാക്കാത്ത പദ്ധതി ഇനി ആവശ്യമില്ലെന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസൽ ‘മാധ്യമ’ത്തോട് പറഞ്ഞു.
പഴയ കുടിവെള്ള പദ്ധതിക്ക് ഫണ്ട് വകയിരുത്തിയത് ജില്ല പഞ്ചായത്ത് ആണെങ്കിലും ആ പദ്ധതി നടപ്പിൽ വരുത്തേണ്ടത് ഗ്രാമപഞ്ചായത്തിന്റെ ബാധ്യതയായിരുന്നെന്നും ജില്ല പഞ്ചായത്ത് അംഗം സമീറ പുളിക്കൽ പറയുന്നു. ഈ ജല സ്രോതസ്സ് കുളമാക്കി പുനർനിർമാണം നടത്തുന്നതിന് ജില്ല പഞ്ചായത്ത് 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.