വേങ്ങര: എ.ആർ നഗർ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് കക്കാടംപുറം ഊക്കത്ത് പള്ളി മുതൽ മാപ്പിളക്കാട് വരെ തോടുവരമ്പിനു മുകളിൽ കോൺക്രീറ്റ് ചെയ്തു നിർമിക്കുന്ന നടപ്പാത പാതിവഴിയിൽ. ഏഴുവർഷം മുമ്പ് തുടങ്ങിയ പ്രവൃത്തി ഇപ്പോഴും പൂർത്തിയാക്കാതെ പാതിവഴിയിൽ നിൽക്കുന്നതിനാൽ പ്രദേശത്തെ നിരവധി കുടുംബങ്ങൾ പ്രയാസപ്പെടുന്നു.
നിലപറമ്പ്-കുറ്റൂർ നോർത്ത്-മാപ്പിളക്കാട് തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് കക്കാടംപുറം, ഊക്കത്ത് ഭാഗത്തേക്കും ജുമാമസ്ജിദിലേക്കും എളുപ്പമാർഗത്തിൽ എത്തിച്ചേരാവുന്ന വിധത്തിലാണ് നടപ്പാത വിഭാവന ചെയ്തിരുന്നത്. പ്രവൃത്തി തുടങ്ങി ഏഴ് വർഷം കഴിഞ്ഞിട്ടും പൂർത്തീകരിച്ചിട്ടില്ല. വിവിധ ഘട്ടങ്ങളിലായി എം.എൽ.എ ഫണ്ട്, എം.പി ഫണ്ട്, ജില്ല പഞ്ചായത്ത്, എ.ആർ നഗർ ഗ്രാമപഞ്ചായത്ത് പദ്ധതി വിഹിതം തുടങ്ങിയവയെല്ലാമായി 70 ലക്ഷത്തിലധികം രൂപയുടെ ഫണ്ട് ഇവിടെ ചെലവഴിച്ചിട്ടുണ്ട്. ഇത്രയും ഭീമമായ തുക വിനിയോഗിച്ചിട്ടും പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ച മട്ടാണ്.
കേവലം 15 മീറ്റർ കൂടി പൂർത്തിയാക്കിയാൽ പദ്ധതിയുടെ ഒന്നാം ഘട്ടം പൂർണമാകും. അതിലൂടെ കുറ്റൂർ നോർത്ത് ഭാഗത്തുനിന്ന് ഊക്കത്ത് ഭാഗത്തേക്ക് എളുപ്പ മാർഗം സഞ്ചാരം സാധ്യമാവും. ശേഷം 60 മീറ്ററോളം തുടർപ്രവർത്തനങ്ങൾ നടത്തിയാലേ മാപ്പിളക്കാട് പ്രദേശത്തെ ഇരുപതോളം കുടുംബങ്ങൾക്ക് ഉപകാരപ്പെടുന്ന വിധം റോഡ് ഗതാഗതം സാധ്യമാവുകയുള്ളൂ.
ഈ കാര്യത്തിലും അധികൃതർ അനങ്ങാപ്പാറ നയം തുടരുന്നതിനാൽ പ്രദേശത്തെ കുടുംബങ്ങൾ പതിറ്റാണ്ടുകളായി പ്രയാസം നേരിടുകയാണ്.അടിയന്തരമായി ഫണ്ട് വകയിരുത്തി മുടങ്ങിക്കിടക്കുന്ന പ്രവൃത്തികൾ പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.