വേങ്ങര: കണ്ണമംഗലം പഞ്ചായത്തിലെ 'കാശ്മീർ' എന്ന കൊച്ചുഗ്രാമത്തെ ഫുട്ബാൾ കൊണ്ട് ആവേശം കൊള്ളിക്കുകയും അഖിലേന്ത്യ സെവൻസിൽ വരെ കിരീടം ചൂടിക്കുകയും ചെയ്ത ഉത്തൻകടവത്ത് അബ്ദുറഹ്മാൻ ഹാജി എന്ന 'പൂളകാക്കാ'ക്ക് സ്മാരക കവാടമൊരുക്കി കണ്ണമംഗലം ഗ്രാമപഞ്ചായത്ത്. കിളിനക്കോട് ജി.എൽ.പി സ്കൂൾ ഗ്രൗണ്ടിന്റെ കവാടത്തിനാണ് അദ്ദേഹത്തിന്റെ നാമം നൽകിയത്.
കപ്പ വിറ്റ് കിട്ടുന്ന പണം കൊണ്ട് സംസ്ഥാനത്തിന് പുറത്തുനിന്ന് വരെ പ്രശസ്ത കളിക്കാരെ കൊണ്ടുവന്ന് 'കാശ്മീർ' ക്ലബിനായി കളത്തിലിറക്കിയിട്ടുണ്ട് പൂള കാക്ക. സെവൻസ് ഫുട്ബാൾ എവിടെയുണ്ടായാലും കാണിയായോ ടീം മാനേജറായോ അദ്ദേഹം ഉണ്ടായിരുന്നു. ഐ.എം. വിജയൻ, ജോപോൾ അഞ്ചേരി, ജാബിർ, പാപ്പച്ചൻ, യു. ഷറഫലി, കുരികേഷ് മാത്യു തുടങ്ങിയ ഇന്ത്യൻ താരങ്ങളെ അഖിലേന്ത്യ സെവൻസ് ഗ്രൗണ്ടിൽ മലയാളികൾക്ക് പരിചയപ്പെടുത്തിയത് അബ്ദുറഹ്മാൻ കാക്കയായിരുന്നു. തിരൂരങ്ങാടി സമദ് മെമോറിയൽ ഫുട്ബാൾ ടൂർണമെന്റിലെ ആദ്യ ജേതാക്കളും കാശ്മീർ ക്ലബായിരുന്നു.
കണ്ണമംഗലം ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച സ്കൂൾ കവാടത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.എം. ഹംസ നിർവഹിച്ചു. വാർഡ് അംഗം റൂഫിയ ചോല അധ്യക്ഷത വഹിച്ചു. സൂപ്പർ സ്റ്റുഡിയോ മലപ്പുറം മുൻ താരം അഷ്റഫ് ബാവ മുഖ്യാതിഥിയായി. സ്കൂൾ എസ്.എം.സി ചെയർമാൻ നിസ്താർ, പി.ടി.എ പ്രസിഡന്റ് സാലിം വാഫി, യു.എം. മമ്മുദു ഹാജി, പി. അബ്ദു, കെ. നാസർ, അഹമ്മദ്കുട്ടി ഹാജി, എ.കെ. മൻസൂർ, യു.എൻ. അസീസ് ഹാജി, പി. സൈതലവി, യു.കെ. സാദിഖ്, പി.പി യൂസുഫ്, സലാഹുദ്ദീൻ, യു.എം. ഷംസു, ശശിധരൻ, വൈശാഖ്, സജീവ്, ഷാഫി, മുബശ്ശിർ, ഒ. മുഹമ്മദ്, യു.കെ. ഇബ്രാഹിം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.