വേങ്ങര: യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ കുടുങ്ങിയ മകനെയോർത്ത് കണ്ണീർപൊഴിക്കുകയാണ് കണ്ണമംഗലം ഇ.കെ പടിയിൽ പരേതനായ നെല്ലൂർ കോയക്കുട്ടിയുടെ ഭാര്യ സുലൈഖ. ഏക മകൻ ഹനീഫുദ്ദീന്‍റെ (22) വരവിനായി കാതോർത്തിരിക്കുന്ന സുലൈഖക്ക് യുദ്ധമുഖത്തുനിന്നുള്ള വാർത്തകൾ ആശങ്കകളാണ് സമ്മാനിക്കുന്നത്. തലസ്ഥാന നഗരിയുടെ മധ്യത്തിലുള്ള താരാസ് മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ നാലാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയാണ് ഹനീഫുദ്ദീൻ. എട്ടുമാസം മുമ്പാണ് നാട്ടിൽ വന്നുപോയത്.
യുദ്ധവാർത്ത കേട്ടതോടെ തിരികെ വരാൻ കടം വാങ്ങി പണമയച്ചിരുന്നു സുലൈഖ. ശനിയാഴ്ച നാട്ടിലെത്തേണ്ടതായിരുന്നു. എന്നാൽ, മൂന്നുദിവസം മുമ്പുതന്നെ കിയവ് വിമാനത്താവളം അടച്ചിട്ടു. ബുധനാഴ്ചയാണ് യൂനിവേഴ്സിറ്റി അധികൃതർ സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ നിർദേശിച്ചത്. ഇതോടെ ഫ്ലാറ്റിൽ വാങ്ങിവെച്ച ഭക്ഷണ സാധനങ്ങളടക്കം ഒന്നുമെടുക്കാൻ കഴിയാതെയാണ് വിദ്യാർഥികൾ ബങ്കറുകളിൽ അഭയം പ്രാപിച്ചത്. എപ്പോഴെങ്കിലും ഭക്ഷണത്തിനായി മാത്രം പുറത്തിറങ്ങാൻ അനുമതി ലഭിക്കുമ്പോൾ മാത്രമാണ് ശുദ്ധവായു പോലും ലഭിക്കുന്നത്. അകലെ റോഡിൽ വെടിയൊച്ചകൾ മുഴങ്ങുന്നത് കേൾക്കാം. അഞ്ച് മലയാളി വിദ്യാർഥികളും ഈ ബങ്കറിൽ ഉണ്ട്. ഭക്ഷണത്തിന് പുറത്തിറങ്ങുമ്പോൾ മാത്രമാണ് ഫോണിൽ സംസാരിക്കാൻ കഴിയുന്നത്. ഒന്നോ രണ്ടോ മിനിറ്റ് സംസാരിക്കുമ്പോഴേക്കും അനുവദിക്കപ്പെട്ട സമയം കഴിയുമെന്ന് സുലൈഖ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.