വേങ്ങര: പറപ്പൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ കോൺഗ്രസ്-മുസ്ലിംലീഗ് ഭിന്നത മറനീക്കി. ദിവസവേതനാടിസ്ഥാനത്തിലുള്ള നാലു നിയമനങ്ങളുമായി ബന്ധപ്പെട്ടാണ് ഇരുപാർട്ടികളും തമ്മിൽ ഇടഞ്ഞത്. ഇരിങ്ങല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പി പുനഃസ്ഥാപിക്കൽ, ഫാർമസിസ്റ്റ് നിയമനം അംഗീകരിക്കൽ, പഞ്ചായത്തിലെ ഒഴിഞ്ഞുകിടക്കുന്ന ഓഫിസ് അറ്റൻഡർ താൽക്കാലിക നിയമനം അംഗീകരിക്കൽ എന്നീ അജണ്ടകളിൽ ലീഗിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷത്തിനൊപ്പം അഞ്ച് കോൺഗ്രസ് അംഗങ്ങളിൽ നാലുപേരും വോട്ടെടുപ്പിൽ വിയോജിപ്പ് രേഖപ്പെടുത്തി. വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവരാണ് വിയോജിച്ചത്.
ഭരണസമിതി നിലവിൽ വന്ന ശേഷം നിരന്തരമായി ലീഗ് നടത്തുന്ന സ്വജനപക്ഷ ഭരണത്തിനെതിരെ കോൺഗ്രസിനകത്ത് മാസങ്ങളായി പുകയുന്ന അമർഷമാണ് യോഗത്തിൽ മറനീങ്ങിയത്. സ്വന്തക്കാരെ നിയമിക്കാൻ കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പി നിർത്തലാക്കിയതിലും ഫാർമസിസ്റ്റ് നിയമനം വൈകിച്ചതിലും ജനങ്ങൾ കടുത്ത അതൃപ്തിയിലാണ്. മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി നടത്തിയ മെഡിക്കൽ ഓഫിസറുടെ അഭിമുഖത്തിനെതിരെ എൽ.ഡി.എഫും കോൺഗ്രസ് ഉൾപ്പെട്ട ഭരണസമിതിയിലെ അംഗങ്ങളും നേരത്തെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
ഭരണസംവിധാനത്തെ കളിപ്പാവയാക്കി സ്വജനപക്ഷപാത നയങ്ങളുമായി മുന്നോട്ടു പോവുന്ന ലീഗ് ധാർഷ്ട്യത്തിനെതിരെ പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്ന് പ്രതിപക്ഷ അംഗങ്ങളായ എ.പി. ഹമീദ്, സി. കബീർ, നസീമ സിറാജ്, സുമിത്ര എന്നിവർ അറിയിച്ചു. 19 അംഗ ഗ്രാമപഞ്ചായത്ത് സമിതിയിൽ ഇന്റർവ്യൂ ബോർഡിന്റെ തീരുമാനം അംഗീകരിക്കാനായി ബോർഡ് യോഗം കൂടിയപ്പോഴാണ് നാലു കോൺഗ്രസ് അംഗങ്ങൾ സി.പി.എമ്മിന്റെ നാല് അംഗങ്ങൾക്കൊപ്പം കൈ ഉയർത്തി വിയോജനം രേഖപ്പെടുത്തിയത്. ഭരണപക്ഷത്ത് ലീഗിന്റെ ഒമ്പത് അംഗങ്ങളും ഒരു കോൺഗ്രസ് അംഗവും വെൽഫെയർ പാർട്ടിയുടെ ഒരംഗവും തീരുമാനത്തിന് അനുകൂല നിലപാടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.