വേങ്ങര: കൃഷി സംരക്ഷിക്കാനും കാർഷിക സംസ്കാരം വീണ്ടെടുക്കാനും യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ. ഊരകം കോട്ടുമലയിൽ എസ്.വൈ.എസ് സാന്ത്വനം സംഘ കൃഷിയുടെ മൂന്നാംഘട്ട കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാർഷിക വകുപ്പിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായാണ് ഊരകം കോട്ടുമലയിൽ മൂന്ന് ഏക്കറിൽ കരനെൽ കൃഷി ഇറക്കിയത്. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ ഉൽപാദനം എന്ന ലക്ഷ്യത്തോടെ ശാസ്ത്രീയ കൃഷിരീതി അവലംബിച്ച് പാലക്കാട് പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത ഹർഷ എന്ന സങ്കരയിനം നെൽവിത്താണ് വിതച്ചിരുന്നത്. ചടങ്ങിൽ ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് മൻസൂർ കോയ തങ്ങൾ, സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി, മുന്‍ ബ്ലോക്ക് പ്രസിഡന്റ് പി.കെ. അസലു, വേങ്ങര കൃഷി വകുപ്പ് അസി. ഡയറക്ടർ പ്രകാശന് പുത്തന്‍ മഠത്തില്‍, ഊരകം കൃഷി ഓഫിസർ ലീന, കെ.പി. യൂസുഫ് സഖാഫി എന്നിവർ സംബന്ധിച്ചു.
നാല് ഏക്കർ തരിശുഭൂമിയിൽ കൃഷിയിറക്കി ഊരകം ഗ്രാമപഞ്ചായത്ത്
വേങ്ങര: 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയിൽ ഊരകം വെങ്കുളത്തെ നാല് ഏക്കർ തരിശു പാടത്ത് കൃഷി ഇറക്കി ഊരകം ഗ്രാമപഞ്ചായത്ത് ബോർഡും കൃഷി വകുപ്പും. കർഷകരും നാട്ടുകാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അധ്യാപകരും വിദ്യാർഥികളുമായി നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പരിപാടി നാടിന്റെ കൃഷി ഉത്സവമായി മാറി.
വേങ്ങര എം.എൽ.എ പി.കെ. കുഞ്ഞാലിക്കുട്ടി ഞാറു നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ, ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മൻസൂർ കോയ തങ്ങൾ, വൈസ് പ്രസിഡന്റ് വി.കെ. മൈമൂനത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. അഷ്റഫ്, ബ്ലോക്ക് അംഗം രാധ രമേഷ്, വാർഡ് അംഗങ്ങളായ ഷബ്ന ടീച്ചർ, എം.കെ. ഷറഫുദ്ദീൻ, ഊരകം എം.യു. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.കെ. മുഹമ്മദ് കോയ തങ്ങൾ, പ്രധാധാധ്യാപകൻ കെ. അബ്ദുറഷീദ്, കെ.കെ. അലി അക്ബർ തങ്ങൾ, അബു താഹിർ, ഊരകം കൃഷി ഓഫിസർ ലീന എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.