വേങ്ങര: 45 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വേങ്ങര പൊലീസ് സ്റ്റേഷന്‍ സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നു. വേങ്ങര മൃഗാശുപത്രിക്ക് സമീപം 25 സെന്റിലാണ് പുതിയ കെട്ടിടം. അത്യാധുനിക സൗകര്യങ്ങളോടെ രണ്ട് നിലകളിലായാണ് നിര്‍മിച്ചിരിക്കുന്നത്.
സീനിയര്‍, ജൂനിയര്‍, വനിത ഓഫിസര്‍മാർക്കായി പ്രത്യേകം മുറികള്‍ ഒരുക്കിയിട്ടുണ്ട്. എസ്.എച്ച്.ഒ, എസ്.ഐ എന്നിവര്‍ക്കുള്ള മുറികള്‍, ഇന്‍വെസ്റ്റിഗേഷന്‍ റൂം, സ്വീകരണ മുറി, അടുക്കള എന്നിവയും ഉൾക്കൊള്ളിച്ചിരിക്കുന്നു.
ട്രാന്‍സ്ജന്‍ഡര്‍, പുരുഷന്‍, സ്ത്രീ തടവുകാരെ താല്‍ക്കാലികമായി പാര്‍പ്പിക്കാൻ വെവ്വേറെ ലോക്കപ്പുകളും കെട്ടിടത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഭിന്നശേഷി സൗഹാർദ പൊലീസ് സ്റ്റേഷനില്‍ ക്രമസമാധാന പാലനത്തിന് വനിതകള്‍ ഉള്‍പ്പെടെ 36 ഉദ്യോഗസ്ഥരാണുള്ളത്. പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറുന്നതോടെ പൊതുജനങ്ങള്‍ക്ക് മികച്ച സേവനം ലഭിക്കുമെന്ന് വേങ്ങര പൊലീസ് ഇന്‍സ്‌പെക്ടര്‍ എം. മുഹമ്മദ് ഹനീഫ പറഞ്ഞു.
1977ല്‍ കച്ചേരിപ്പടിയിലാണ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 1986ല്‍ ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റി. 2007ല്‍ പഴയ കെട്ടിടം ഉടമ പൊളിക്കുകയും അതിന് സമീപം കൂടുതല്‍ സൗകര്യങ്ങളോടെ പുതിയത് നിര്‍മിക്കുകയും സ്റ്റേഷന്റെ പ്രവര്‍ത്തനം അതിലേക്ക് മാറ്റുകയുമായിരുന്നു. വേങ്ങര ബ്ലോക്ക് റോഡിലെ മൃഗാശുപത്രിക്ക് കീഴിലെ 25 സെന്‍റ് സ്ഥലത്ത് 2020 നവംബറിലാണ് കെട്ടിട നിര്‍മാണം ആരംഭിച്ചത്. പണി പൂർത്തിയായ കെട്ടിടത്തിലേക്ക് സ്റ്റേഷൻ ഉടൻ മാറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.