വേങ്ങര സബ് രജിസ്ട്രാര്‍ ഓഫീസ് സ്ഥലം മാറാനൊരുങ്ങുന്നു; ആറു വർഷം കൊണ്ട് അകാലചരമം

വേങ്ങര: 2015ല്‍ യു.ഡി.എഫ് സര്‍ക്കാറില്‍ വ്യവസായ മന്ത്രിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ശ്രമഫലമായി സ്ഥാപിതമായ വേങ്ങര സബ് രജിസ്ട്രാര്‍ ഓഫീസ് വേങ്ങരയില്‍ നിന്ന് പറിച്ചു നടാന്‍ അണിയറയില്‍ നീക്കം തകൃതിയാകുന്നു. വേങ്ങര-അച്ചനമ്പലം റോഡില്‍ സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വേങ്ങര സബ് രജിസ്ട്രാര്‍ ഓഫീസാണ് രാഷ്ട്രീയ താല്‍പര്യങ്ങളുടെ പേരില്‍ വേങ്ങരയില്‍ നിന്ന് പറിച്ചു നടാന്‍ ശ്രമിക്കുന്നത്.

അന്നത്തെ ബാങ്ക് ഭരണസമിതി പ്രത്യേക താല്‍പര്യമെടുത്താണ് സബ് രജിസ്ട്രാര്‍ ഓഫീസിന് ബാങ്ക് കെട്ടിടത്തില്‍ പ്രവര്‍ത്തനാനുമതി നേടിയെടുത്തത്. എന്നാല്‍ പൊതുമരാമത്ത് വകുപ്പ് നിശ്ചയിച്ച വാടക പ്രകാരമുള്ള കരാറില്‍ ഒപ്പിടാന്‍ ബാങ്ക് അധികൃതര്‍ വിസമ്മതിച്ചോടെ ഇരുകൂട്ടരും തമ്മില്‍ ശീതസമരവും തുടങ്ങി. ഇതിനിടെ ബാങ്ക് ഭരണസമിതി മാറിയതോടെ രജിസ്ട്രാര്‍ ഓഫീസ് ഒഴിയണമെന്നാവശ്യപ്പെട്ട് വകുപ്പധികൃതര്‍ക്ക് കത്തും നല്‍കി. സബ് രജിസ്ട്രാര്‍ ഓഫീസിലേക്ക് വിവിധ ആവശ്യങ്ങള്‍ക്ക് വരുന്ന ഗുണഭോക്താക്കളുടെ വാഹന പാര്‍ക്കിങ്ങില്‍ ഉള്‍പ്പെടെ ബാങ്ക് അധികൃതര്‍ നിയന്ത്രണം കര്‍ശനമാക്കിയതോടെ ഇരുകൂട്ടരും തമ്മിലുള്ള ശീതസമരം വാര്‍ത്തയാകുകയും ചെയ്തു.

ഇതോടെ പ്രശ്‌നത്തില്‍ ഇടപെട്ട അന്നത്തെ എം.പിയായിരുന്ന കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരുടെ നിര്‍ദേശാനുസരണം ഒഴിഞ്ഞു പോക്കിനെക്കുറിച്ച് ബാങ്ക് അധികൃതര്‍ ഇപ്പോള്‍ മൗനത്തിലാണ്. ഇതിനിടെയാണ് സബ്‌രജിസ്ട്രാര്‍ ഓഫീസ് വേങ്ങരയില്‍ നിന്ന് പറിച്ചുനടാനുള്ള നീക്കം ഒരുവിഭാഗം തുടങ്ങിയിരിക്കുന്നത്. പറപ്പൂര്‍ വില്ലേജിലെ രണ്ടു ദേശങ്ങളും ഊരകം, വേങ്ങര, കണ്ണമംഗലം വില്ലേജുകള്‍ പൂര്‍ണമായും അബ്ദുറഹിമാന്‍ നഗര്‍ വില്ലേജിലെ രണ്ടു ദേശങ്ങളുമുള്‍ക്കൊള്ളുന്ന വേങ്ങര സബ് രജിസ്ട്രാര്‍ ഓഫീസ് വേങ്ങരയില്‍ നിന്നു പോകുന്നതോടെ ആഫീസിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ ദുരിതത്തിലാകുമെന്ന ആശങ്കയുയര്‍ന്നിട്ടുണ്ട്.

ഓഫീസ് പരിധിയില്‍ വരുന്ന നാല് വില്ലേജുകളില്‍ നിന്ന് പൊതുയാത്രാ സൗകര്യമുള്ള മണ്ഡലത്തിന്‍റെ ആസ്ഥാനം കൂടിയായ വേങ്ങരയുടെ പേരിലുള്ള സബ്‌രജിസ്ട്രാര്‍ ഓഫീസ് വേങ്ങര പഞ്ചായത്തില്‍ തന്നെ നിലനിര്‍ത്തണമെന്ന ആവശ്യവും ശക്തമാണ്. വേങ്ങര പഞ്ചായത്ത് പരിധിയില്‍ സ്ഥലസൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പധികൃതര്‍ ഗ്രാമപ്പഞ്ചായത്ത് അധികൃതരെ സമീപിച്ചിരുന്നെങ്കിലും കാര്യമായ നടപടിയൊന്നുമായിട്ടില്ല. ഇതിനിടെ കണ്ണമംഗലം പഞ്ചായത്തിലെ സ്വകാര്യ വ്യക്തിയുടെ ഭൂമി കഴിഞ്ഞ ദിവസം രജിസ്‌ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചിരുന്നുവത്രെ.

ഇതോടെയാണ് വേങ്ങര പഞ്ചായത്തില്‍ നിന്ന് സബ് രജിസ്ട്രാര്‍ ഓഫീസ് പറിച്ചുനടാനുള്ള നീക്കം തകൃതിയായി നടക്കുന്ന വിവരം പുറത്തറിഞ്ഞത്. സബ് രജിസ്ട്രാര്‍ഓഫീസ് വേങ്ങര ടൗണിന്‍റെ പ്രാന്തപ്രദേശത്ത് തന്നെ നിലനിര്‍ത്താന്‍ സ്ഥലം എം.എല്‍.എ കൂടിയായ പി.കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ളവരെ സമീപിക്കാനിരുക്കുകയാണ് ഗുണഭോക്താക്കള്‍.

Tags:    
News Summary - Vengara Sub-Registrar's office to be relocated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.