വേങ്ങര: വേങ്ങര പഞ്ചായത്തിലെ പ്രധാന കൃഷിസ്ഥലമായ വലിയോറ പാടത്തുനിന്ന് കടലുണ്ടിപ്പുഴയിലേക്ക് വെള്ളം ഒഴുകുന്ന വലിയോറ -വലിയതോട് നവീകരിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ഏറെക്കാലമായി ഉന്നയിച്ചുവരുന്ന ഈ ആവശ്യം നടപ്പാക്കാത്തതിനാൽ പ്രദേശത്തെ കർഷകർ പ്രതിസന്ധിയിലാണ്. 300 ഏക്കറിലധികം കൃഷിസ്ഥലമായ വലിയോറ വയലിൽനിന്ന് വെള്ളം ഒഴുകിപ്പോവുന്ന പ്രധാന തോടാണ് വലിയോറ വലിയതോട്. ഒരു കിലോമീറ്റർ നീളം വരുന്ന ഈ തോടിന് ശരാശരി എട്ട് മീറ്റർ വീതിയുണ്ട്. ഇവിടെ തോട്ടിലേക്ക് മരങ്ങൾ ഇടിഞ്ഞുവീണ് പാർശ്വഭിത്തി തകർന്ന് പലയിടത്തും വീതി കുറഞ്ഞിട്ടുണ്ട്.
മണ്ണും ചളിയും തോട്ടിൽ നിറഞ്ഞിരിക്കുന്നതിനാൽ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. തോട്ടിൽ അടിഞ്ഞുകൂടിയ മണ്ണും ചളിയും നീക്കംചെയ്ത് മുഴുനീളത്തിൽ പാർശ്വ ഭിത്തി കെട്ടി സംരക്ഷിക്കണമെന്നാണ് വലിയോറ പാടശേഖരത്തിലെ കർഷകരുടെ ആവശ്യം. ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു വർഷം മുമ്പ് വാർഡ് മെംബർ യൂസഫലി വലിയോറ, മുൻ കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാറിന് നൽകിയ നിവേദനത്തെ തുടർന്ന് കേരള ലാൻഡ് ഡെവലപ്മെന്റ് കോർപറേഷൻ (കെ.എൽ.ഡി.സി) ഉദ്യോഗസ്ഥർ സ്ഥലം പരിശോധനക്ക് വന്നിരുന്നു. എന്നാൽ, പിന്നീട് തുടർ നടപടികളൊന്നും ഉണ്ടായില്ല.
വലിയോറ വലിയതോട് ആരംഭിക്കുന്ന ചാലിപാടം മുതൽ കടലുണ്ടിപ്പുഴയിൽ ചേരുന്ന മൂഴിയൻകടവ് വരെ ഒരു കിലോമീറ്ററിലധികം നീളം വരുന്ന ഈ തോട്ടിൽ മുഴുവൻ ഭാഗത്തും പാർശ്വഭിത്തി കെട്ടാത്തതിനാൽ ഇരുകരയിലുമുള്ള വീടുകൾക്കും വലിയ ഭീഷണിയായി മാറി. ഈ തോടിന്റെ ഇരുവശത്തും പാർശ്വഭിത്തി കെട്ടി സംരക്ഷിക്കുന്നതിനും വി.സി.ബി കം ട്രാക്ടർ പാത നിർമിക്കുന്നതിനും ചെലവ് പ്രതീക്ഷിക്കുന്ന 10 കോടിയോളം രൂപ വകയിരുത്താൻ ത്രിതല പഞ്ചായത്തുകൾക്ക് സാധിക്കാത്ത സ്ഥിതിയുമുണ്ട്.
അതിനാൽ, നബാർഡിന്റെയോ റീബിൽഡ് കേരളയുടെയോ പദ്ധതിയിലുൾപ്പെടുത്തി അടിയന്തരമായി തോട് നവീകരണപദ്ധതി നടപ്പാക്കണമെന്നാണ് പ്രദേശത്തെ കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.