തേഞ്ഞിപ്പലം: തൃശൂര്‍ ജോണ്‍ മത്തായി സെന്ററിലെ മരംമുറി പ്രവൃത്തി കരാറുകാരന് പൂര്‍ത്തീകരിച്ചിട്ടും പണം നല്കുന്നതിൽ വീഴ്ചവരുത്തിയെന്ന് കാണിച്ച് രണ്ട് സര്‍വകലാശാല ജീവനക്കാര്‍ക്കെതിരെ നടപടി. സര്‍വകലാശാല എൻജിനീയറിങ് വിഭാഗം അസി. എക്സി. എൻജിനീയര്‍ കെ.ടി. സഹീര്‍ ബാബുവിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാനും കരാര്‍ ഓവര്‍സിയറായ ടി. ആദര്‍ശിനെ ജോലിയില്‍നിന്ന് പിരിച്ചുവിടാനും സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.
അതേസമയം, തൃശൂര്‍ ജോണ്‍ മത്തായി സെന്ററില്‍ അക്കാദമിക് ബ്ലോക്ക്, മ്യൂസിയം എന്നിവക്കായി 10 കോടി രൂപ അനുവദിച്ചു. വിവിധ കോളജുകളില്‍നിന്നായി സ്പോര്‍ട്സ്, സ്റ്റുഡന്റ്, എക്സാം എന്നീ അഫിലിയേഷനുകളുടെ ഭാഗമായി സര്‍വകലാശാലക്ക് പിരിഞ്ഞുകിട്ടാനുള്ള തുക ഈടാക്കുന്നതിന് ഇടപെടല്‍ നടത്താൻ മൂന്ന് ഉപസമിതികളെ നിയോഗിച്ചു.
2016 മാര്‍ച്ച് നാലിലെ വിജ്ഞാപന പ്രകാരം പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നത് വിലയിരുത്തുന്നതിനും നിലവില്‍ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ ലഭിക്കാത്ത സാഹചര്യത്തില്‍ പ്യൂണ്‍/ വാച്ച്മാന് തസ്തികയില്‍ താൽക്കാലികമായി നിയമനത്തിനുള്ള സാധ്യത പരിശോധിക്കുന്നതിനും ഉപസമിതിയെ ചുമതലപ്പെടുത്തി.
സര്‍വകലാശാലയിലെ ഫയല്‍ കൈകാര്യങ്ങള്‍ക്ക് ഡി.ഡി.എഫ്.എസ് സംവിധാനത്തിന് പകരം ഇ-ഓഫിസിലേക്ക് മാറുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടറെ ചുമതലപ്പെടുത്തി. മലയാളം പഠനവകുപ്പിലെ പ്രഫസര്‍ നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.