സോളാർ പാനൽ ശരിയാക്കാനെത്തിയവർ ആനക്കൂട്ടത്തിന്​ മുന്നിൽ കുടുങ്ങി

കൊല്ലങ്കോട്: സോളാർ പാനൽ ശരിയാക്കാനെത്തിയവർ ആനക്കൂട്ടത്തിന്​ മുന്നിൽ അഞ്ച് മണിക്കൂർ കുടുങ്ങി. മൂച്ചങ്കുണ്ട് മൊണ്ടിപതി ലക്ഷ്മണ സ്വാമിയുടെ കൃഷിയിടത്തിലെ സോളാർ പാനലിലെ തകരാർ പരിഹരിക്കാൻ കഴിഞ്ഞദിവസം വൈകീട്ട്​ നാലിനെത്തിയ ലക്ഷ്മണ സ്വാമിയും ടെക്നീഷ്യൻ ശെന്തിൽകുമാറുമാണ് ആറ് ആനകളുടെ കൂട്ടത്തിന്​ മുന്നിൽ അകപ്പെട്ടത്. തിരിച്ചുവരാൻ സാധിക്കാതെ വന്നതോടെ ബന്ധുക്കളായ ശെൽവരാജ്, ശേഖർ, ചിന്നക്കുട്ടി എന്നിവരെ ഫോണിലൂടെ വിളിച്ചു വരുത്തി. രക്ഷിക്കാൻ വന്നവരും ആനക്കൂട്ടത്തിന്​ മുന്നിൽ കുടുങ്ങി. തുടർന്ന് വനം വകുപ്പിൽ അറിയിച്ചതോടെ വനം ഉദ്യോഗസ്ഥരെത്തി പടക്കം പൊട്ടിച്ച് ഓടിക്കാൻ ശ്രമിച്ചെങ്കിലും ആനകൾ അനങ്ങാതെ നിലയുറപ്പിച്ചു. ശേഷം രാത്രി 11 മണിയോടെ പ്രദേശവാസിയുടെ ട്രാക്ടർ കൊണ്ടുവന്ന് സൈലൻസർ അഴിച്ച് ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കിയാണ് ഒറ്റക്കൊമ്പൻ ഉൾപ്പെടെയുള്ള ആനകളെ അകറ്റിയത്. ആനകൾക്ക്​ മുമ്പിൽ കുടുങ്ങിയവരെ അർധരാത്രിയോടെ വീട്ടിലെത്തിച്ചു. സെക്​ഷൻ ഫോറസ്റ്റർ മണിയൻ, ഗാർഡുമാരായ ഉമർ, ആന്‍റണി, സൂര്യപ്രകാശ് എന്നിവർ ആനകളെ ഓടിക്കാൻ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.