മണ്ണാര്‍ക്കാട്: കുടിശ്ശിക ലഭിക്കാത്തത് മൂലം വി.എഫ്.പി.സി.കെ സ്വാശ്രയ കർഷക സമിതികൾ നാളികേര സംഭരണം നിർത്തി. ഇതോടെ മണ്ണാര്‍ക്കാട്ടെ നൂറുകണക്കിന് കേരകര്‍ഷകർക്ക് നാളികേരത്തിന് ന്യായ വില ലഭിക്കാത്ത സ്ഥിതിയാണ്. കുറഞ്ഞ വിലയ്ക്ക് നഷ്ടം സഹിച്ച് തേങ്ങ വിൽക്കേണ്ട അവസ്ഥയാണ്.
വി.എഫ്.പി.സി.കെ (വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരള) സ്വാശ്രയ കര്‍ഷക സമിതികള്‍ മുഖേനയാണ് കേരഫെഡ് കര്‍ഷകരില്‍നിന്ന് തേങ്ങ എടുക്കുന്നത്. സര്‍ക്കാരില്‍നിന്ന് വലിയ കുടിശ്ശിക ലഭിക്കാനുള്ളതിനാല്‍ കേരഫെഡ് സംഭരണം നിര്‍ത്തിയതോടെ സ്വാശ്രയ കര്‍ഷക സമിതികളും നിർത്തി. കാഞ്ഞിരപ്പുഴ, പാലക്കയം, പൂഞ്ചോല, ഇരുമ്പകച്ചോല, തെങ്കര, തിരുവിഴാംകുന്ന് ഭാഗങ്ങളിലാണ് താലൂക്കിലെ ഭൂരിപക്ഷം കേരകര്ഷകരുമുള്ളത്. പൊതുവിപണിയിൽ ലഭിക്കുന്നതിനെക്കാൾ പത്ത് രൂപയോളം കർഷകന് സംഭരണം വഴി ലഭിച്ചിരുന്നു. എന്നാൽ, ഒരു മാസത്തിലധികമായി സംഭരണം നടക്കുന്നില്ല. 2023 മാര്‍ച്ചിലാണ് നിര്‍ത്തി വെച്ചത്. കര്ഷകന് 32 രൂപ കിലോക്ക് നല്‍കിയാണ് സമിതികള്‍ മുഖേന തേങ്ങ സംഭരിക്കുന്നത്.
അടുത്തിടെ 34 രൂപയായി വര്‍ധിപ്പിച്ചെങ്കിലും സംഭരണം നിലച്ചതോടെ വെട്ടിയിട്ട തേങ്ങ നല്കാൻ പോലും കര്ഷകന് കഴിയുന്നില്ല. നിലവിൽ പൊതുവിപണിയില്‍ 23 രൂപ വരെയാണ് ഒരു കിലോക്ക് തേങ്ങക്ക് ലഭിക്കുന്നത്. കൈകാര്യച്ചെലവുകള്‍ക്ക് കേരഫെഡില്‍ നിന്നും ഫണ്ട് ലഭിക്കാതായതോടെയാണ് സ്വാശ്രയ കര്‍ഷക സമിതികളും തേങ്ങ സംഭരണം നിര്‍ത്തിയത്. വിയ്യക്കുര്‍ശി, കാഞ്ഞിരംപള്ളിപ്പടി, കോട്ടോപ്പാടം എന്നിവിടങ്ങളിലാണ് മണ്ണാര്‍ക്കാട്ടെ വി.എഫ്.പി.സി.കെ സ്വാശ്രയ കര്ഷകസമിതികളുള്ളത്.
കര്‍ഷകരെത്തിക്കുന്ന തേങ്ങയുടെ തൂക്കം നോക്കുന്ന തൊഴിലാളികള്‍ക്കുള്ള കൂലി, ലോഡിങ് കൂലി തുടങ്ങിയവയെല്ലാം സമിതികള്‍ വഹിക്കണം.
ഇത്തരത്തില്‍ രണ്ടുലക്ഷത്തിലധികം രൂപ കേരഫെഡില്‍നിന്ന് ലഭിക്കാനുണ്ടെന്ന് ചില സ്വാശ്രയ കര്‍ഷകസമിതി ഭാരവാഹികള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.