പാലക്കാട്: ഓഡിറ്റ് റിപ്പോർട്ടിലെ ഗുരുതര പരാമർശങ്ങളിൽ ജീവനക്കാരോട് വിശദീകരണം ആവശ്യപ്പെടാൻ പാലക്കാട് നഗരസഭ. 2021-‘22, 2022-‘23 വർഷങ്ങളിലെ ഓഡിറ്റ് റിപ്പോർട്ടുകളിൽ കൗൺസിലിൽ ചർച്ച വേണമെന്ന് പ്രതിപക്ഷ കക്ഷികൾ ആവശ്യമുന്നയിക്കുന്നതിനിടെയാണ് വരുംദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ചെയർപേഴ്സൻ പ്രമീള ശശിധരൻ കൗൺസിലിനെ അറിയിച്ചത്.
തുറന്നുപ്രവർത്തിക്കുന്ന കടകൾക്ക് വരെ അടഞ്ഞുകിടക്കുന്നവക്ക് നൽകാറുള്ള നികുതിയിളവുകൾ നൽകി വലിയ തട്ടിപ്പ് നടന്നതായി ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. നഗരത്തിലെ അറവുശാലയുമായി ബന്ധപ്പെട്ട് നിലവിൽ ലഭ്യമായ കിഫ്ബി ഫണ്ട് കൃത്യമായി ഉപയോഗപ്പെടുത്തണമെന്ന് വെൽഫയർ പാർട്ടി കൗൺസിലർ എം. സുലൈമാൻ ആവശ്യപ്പെട്ടു. നഗരസഭയിൽ വയോധികർക്ക് വിതരണം ചെയ്ത കട്ടിലുകളിൽ ഗുണനിലവാരം പോരെന്നും ഉണ്ടെന്നും ആരോപണപ്രത്യാരോപണങ്ങൾ കടുത്തത് ബഹളത്തിൽ കലാശിച്ചു.
ജല അതോറിറ്റി അറ്റകുറ്റപ്പണികൾക്കായി കുത്തിപ്പൊളിച്ചതടക്കം റോഡിലെ തകർച്ചയിൽ അടിയന്തിര ഇടപെടൽ വേണമെന്ന് യു.ഡി.എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു. വിഷയത്തിൽ ജല അതോറിറ്റി അധികൃതരുടെ സംയുക്ത യോഗം വിളിക്കുമെന്ന് ചെയർപേഴ്സൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.