പട്ടാമ്പി: ‘കൂറ്റനാട് ബസ് സ്റ്റാൻഡിനെന്താ കൊമ്പുണ്ടോ? സ്വകാര്യ ബസുകളൊന്നും അവിടെ കയറുന്നില്ലല്ലോ’ - ചോദ്യം ചോദിച്ച് ജനപ്രതിനിധികൾ, ഉത്തരം മുട്ടി മോട്ടോർ വാഹനവകുപ്പും. കഴിഞ്ഞ ജൂൺ മൂന്നിന് നടന്ന താലൂക്ക് വികസന സമിതി യോഗത്തിലെ ചോദ്യോത്തരമാണ് ആവർത്തിക്കപ്പെട്ടത്. മറുപടി പറഞ്ഞയാൾ മാത്രം മാറി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി. റജീനയാണ് അന്ന് അതിരൂക്ഷമായി പ്രതികരിച്ചത്. ബസ് സ്റ്റാൻഡിൽ ബസുകൾ കയറിയില്ലെങ്കിൽ പെർമിറ്റ് റദ്ദാക്കുമെന്ന് പറഞ്ഞ വകുപ്പെവിടെ എന്ന ചോദ്യത്തിന് ഉദ്യോഗസ്ഥർ ചെല്ലുമ്പോൾ ബസുകൾ സ്റ്റാൻഡിൽ കയറുമെന്നും കാമറ വെക്കലാണ് ശാശ്വത പരിഹാരമെന്നുമായിരുന്നു അന്നത്തെ മറുപടി.
ഇത്തവണ ചോദ്യകർത്താവ് നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.വി. രവീന്ദ്രനായിരുന്നു. മോട്ടോർ വാഹനവകുപ്പിലെ മറ്റൊരു ഉദ്യോഗസ്ഥൻ ഉത്തരം ആവർത്തിച്ചപ്പോൾ പ്രസിഡന്റിന് കലിയടങ്ങിയില്ല. വാദപ്രതിവാദത്തിനിടെ കാമറ വെച്ചാൽ ബസുകൾ കയറുമോ, ഇല്ലെങ്കിൽ നടപടിയെടുക്കുമോ എന്നായി രവീന്ദ്രൻ. ഒരു മാസത്തിനകം ബസ് സ്റ്റാൻഡ് സജീവമാകുന്ന പ്രത്യാശയിലാണ് ജനപ്രതിനിധികൾ വിഷയം അവസാനിപ്പിച്ചത്.
ബസുകൾ തോന്നിയ ഇടങ്ങളിലെല്ലാം നിർത്തുന്നത് മറ്റു വാഹനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നുവെന്ന പരാതിയും ബഹളത്തിനിടയാക്കി.ഉദ്യോഗസ്ഥർ ഓഫിസ് വിട്ട് കുറച്ചുനേരം റോഡിലിറങ്ങണമെന്ന് ജില്ല പഞ്ചായത്തംഗം കമ്മുക്കുട്ടി എടത്തോൾ പറഞ്ഞു. കല്യാണത്തിന് ആളെവിടുന്ന ലാഘവത്തോടെയാണ് താലൂക്ക് വികസന സമിതി യോഗത്തിലേക്ക് വകുപ്പുകൾ പ്രതിനിധികളെ അയക്കുന്നതെന്ന് തഹസിൽദാർ ടി.പി. കിഷോർ കുറ്റപ്പെടുത്തി.
മറുപടി പറയാൻ പ്രാപ്തിയില്ലാത്ത ജൂനിയർ ഉദ്യോഗസ്ഥരെ യോഗത്തിന് വിടുകയും വിഷയം പഠിക്കാതെ ഇവർ പ്രതികരിക്കുന്നതും ജനപ്രതിനിധികൾ വിമർശിച്ചപ്പോഴാണ് തഹസിൽദാരുടെ മറുപടി. ഡെപ്പോസിറ്റ് വെച്ചിട്ടും തെരുവ് വിളക്കുകൾ കത്താത്തതും നിലാവ് പദ്ധതിയിൽ വിളക്കുകൾ നന്നാക്കാൻ കൊടുത്തിട്ടും നടക്കാത്തതും കറുകപുത്തൂർ - അക്കിക്കാവ്, പെരിങ്ങോട് - കൂറ്റനാട് റോഡുകളുടെ നവീകരണം പൂർത്തിയാക്കാത്തതും നാഗലാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഉന്നയിച്ചു. കൊപ്പം പഞ്ചായത്ത് ഓഫിസിന് മുന്നിൽ വെള്ളം പൊട്ടിപ്പോവുന്നതും ജലക്ഷാമം നേരിടാൻ വിളയൂർ തടയണ ഉപയോഗപ്പെടുത്തേണ്ടതും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സി. അസീസ് ചൂണ്ടിക്കാട്ടി. തിരുവേഗപ്പുറ എട്ടാം വാർഡിൽ ജലജീവൻ മിഷൻ മെയിൻ പൈപ്പിടാൻ റോഡ് മുറിച്ചത് പൂർവസ്ഥിതിയാലാക്കാത്തത് പ്രസിഡന്റ് എം.ടി. മുഹമ്മദലി ശ്രദ്ധയിൽപെടുത്തി. ജലജീവൻ മിഷൻ, വാട്ടർ അതോറിറ്റി, പൊതുമരാമത്ത് വകുപ്പുകൾക്കെതിരെ പതിവ് വിമർശനം യോഗത്തിലുയർന്നു.
നിള-ഐ.പി.ടി റോഡ്, പരുതൂർ - അഞ്ചുമൂല റോഡ്, തിരുവേഗപ്പുറ - മാഞ്ഞാമ്പ്ര റോഡ് എന്നിവയുടെ നിർമാണത്തിൽ പൊതുമരാമത്ത് വകുപ്പിന് കുറ്റകരമായ അലംഭാവമാണെന്നും വിമർശനമുയർന്നു. നിള - ഐ.പി.ടി റോഡിൽ ഓവുപാലങ്ങളുടെ നിർമാണം നടന്നുവരുന്നുവെന്നും മരങ്ങൾ മുറിക്കാൻ ടെണ്ടർ ആയെന്നും അധികൃതർ മറുപടി നൽകി. അതിദരിദ്രർക്ക് കാർഡ് നൽകിയാൽ സൗജന്യ ചികിത്സയും മരുന്നും നൽകാവനാവുമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അബ്ദുറഹിമാൻ പറഞ്ഞു. ഡിജിറ്റൽ സർവേ തിരുമിറ്റക്കോട് ഒന്ന് വില്ലേജിൽ പൂർത്തിയായി. പരിശോധനക്കുള്ള സമയമായെന്നും തൃത്താലയിൽ അടുത്ത ആഴ്ച പ്രസിദ്ധീകരിക്കുമെന്നും രേഖകളുമായി വന്ന് തെറ്റ് തിരുത്തണമെന്നും നാഗലശ്ശേരി, പട്ടിത്തറ, കപ്പൂർ, തിരുമിറ്റക്കോട് -2 വില്ലേജുകളിൽ സർവേ നടന്നുവരുന്നുവെന്നും ആനക്കരയിലും പട്ടാമ്പിയിലും ഉടൻ ആരംഭിക്കുമെന്നും ഭൂരേഖ തഹസിൽദാർ പി. ഗിരിജാദേവി പറഞ്ഞു.
പട്ടാമ്പി, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഗീത മണികണ്ഠൻ, അഡ്വ. വി.പി. റജീന, ജില്ല പഞ്ചായത്തംഗം കമ്മുക്കുട്ടി എടത്തോൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ. ആനന്ദവല്ലി, എം.സി. അസീസ്, വി.വി. രവീന്ദ്രൻ, എം.ടി. മുഹമ്മദലി, വിളയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. നൗഫൽ, തഹസിൽദാർ ടി.പി. കിഷോർ, ഭൂരേഖ തഹസിൽദാർ പി. ഗിരിജാദേവി, ഡെപ്യൂട്ടി തഹസിൽദാർ വി.പി. സെയ്തുമുഹമ്മദ്, എം.പിയുടെ പ്രതിനിധി സി.എം. അലി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.ടി. മുഹമ്മദ്, കെ.പി. അബ്ദുറഹിമാൻ, കോടിയിൽ രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.