പാലക്കാട്: നാലു പതിറ്റാണ്ടിനുശേഷം എൽ.ഡി.എഫ് മന്ത്രിസഭയിൽ ജില്ലയിൽനിന്ന് സി.പി.എം പ്രാതിനിധ്യമില്ലാത്ത സർക്കാറാണ് വ്യാഴാഴ്ച അധികാരമേൽക്കുന്നത്. രണ്ടാം പിണറായി സർക്കാറിൽ ജനതാദൾ എസ് പ്രതിനിധിയായി ചിറ്റൂർ എം.എൽ.എ കെ. കൃഷ്ണൻകുട്ടി മന്ത്രിസഭയിൽ തുടരുന്നുവെന്നാണ് ജില്ലക്ക് ആശ്വാസകരമായ കാര്യം. തൃത്താലയിൽനിന്നും വിജയിച്ച സി.പി.എം പ്രതിനിധിയും മുൻ എം.പിയുമായ എം.ബി. രാജേഷ് നിയമസഭ സ്പീക്കറുടെ കസേരയിലെത്തുന്നതും ജില്ലക്ക് അഭിമാനകരം.
നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ജില്ലയിൽനിന്നുള്ള ഒരാൾക്ക് സ്പീക്കർ പദവി ലഭിക്കുന്നത്.
എൽ.ഡി.എഫ് സംവിധാനം നിലവിൽവന്ന ശേഷം 1980ൽ നടന്ന അസംബ്ലി തെരഞ്ഞെടുപ്പ് മുതൽ എൽ.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ എല്ലാം സി.പി.എം പ്രതിനിധികൾ കാബിനറ്റിൽ ഇടംനേടിയിരുന്നു.
രണ്ട് മുഖ്യമന്ത്രിമാർ-നായനാരും വി.എസും പാലക്കാട് ജില്ലയിൽനിന്ന് വിജയിച്ചാണ് അധികാരമേറ്റത്. 1980ലെ ഇടതു മന്ത്രിസഭയിൽ ഇ.െക. നായനാർ മുഖ്യമന്ത്രിയായത് മലമ്പുഴയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടാണ്. 1987ലും 1996ലും അധികാരത്തിലേറിയ നായനാർ മന്ത്രിസഭകളിൽ ടി. ശിവദാസമേനോൻ വൈദ്യുതി, ധനം, എക്സൈസ് അടക്കം സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു.
2006ലെ വി.എസ് സർക്കാറിൽ മലമ്പുഴയുടെ പ്രതിനിധിയായി നിയമസഭയിലെത്തിയ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് പുറമെ തരൂർ എം.എൽ.എ എ.കെ. ബാലനും മന്ത്രിസഭയിൽ അംഗമായിരുന്നു. വൈദ്യുതി, പട്ടികജാതി-പട്ടികവർഗ വകുപ്പുകളാണ് അദ്ദേഹം അന്ന് കൈകാര്യം ചെയ്തിരുന്നത്. 2016ലെ ഒന്നാം പിണറായി മന്ത്രിസഭയിലും എ.കെ. ബാലൻ സാംസ്കാരിക, പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമ, നിയമകാര്യ വകുപ്പുകളുടെ ചുമലത വഹിച്ചു.
20 വർഷം എം.എൽ.എയും രണ്ടുതവണ മന്ത്രിയും ആയിരുന്ന എ.കെ. ബാലൻ ഇത്തവണ മത്സരരംഗത്ത് ഒഴിവായി. പകരം തൃത്താലയിൽനിന്ന് വിജയിച്ച, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.ബി. രാേജഷ് മന്ത്രിസഭയിൽ എത്തുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു.
ആദ്യന്തം രാജേഷിെൻറ പേര് മാത്രമാണ് ജില്ലയിൽനിന്ന് മന്ത്രി സ്ഥാനത്തേക്ക് ചർച്ച െചയ്യപ്പെട്ടിരുന്നത്. ഒടുവിൽ സ്പീക്കർ പദവിയിലേക്കാണ് അദ്ദേഹത്തിന് നറുക്കുവീണത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.