പാലക്കാട്: ജില്ലയിലെ 95 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥി നിർണയ ഉപസമിതികൾ തീരുമാനിച്ചതായി ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ എം.പി അറിയിച്ചു.
മണ്ഡലം പ്രസിഡൻറുമാർ കൺവീനർമാരായി ഒമ്പതംഗ കമ്മിറ്റികളാണ് ഇതിനായി രൂപവത്കരിച്ചത്. യൂത്ത് കോൺഗ്രസ്, മഹിള കോൺഗ്രസ്, ദലിത് കോൺഗ്രസ് പ്രതിനിധികൾ ഉൾപ്പെടെയാണ് കമ്മിറ്റി. വാർഡ്തല കമ്മിറ്റികളാണ് സ്ഥാനാർഥികളെ നിർണയിക്കുന്നത്. യുവാക്കൾക്കും പുതുമുഖങ്ങൾക്കും പരിഗണന നൽകും. നാലുതവണ പൂർത്തിയാക്കിയവരെ ഇത്തവണ പരിഗണിക്കില്ല.
ബ്ലോക്ക് പഞ്ചായത്തിലേക്കും ജില്ല പഞ്ചായത്തിലേക്കുമുള്ള സ്ഥാനാർഥികളെ നിർദേശിക്കാൻ 24 ബ്ലോക്ക് ഉപസമിതികളും നിലവിൽവന്നു. നവംബർ മൂന്ന്, നാല് തീയതികളിലായി വാർഡ് കമ്മികൾ ചേരും.
അഞ്ചിന് മണ്ഡലം ഉപസമിതിയും ആറിന് ബ്ലോക്ക്തല ഉപസമിതിയും ചേരും. സ്ഥാനാർഥികളെ അന്തിമമായി പ്രഖ്യാപിക്കുന്നത് ജില്ല കോൺഗ്രസ് കമ്മിറ്റി ആയിരിക്കും. ഇതിനായി ജില്ലയിൽ ഏഴംഗ ഉപസമിതിയും രൂപവത്കരിച്ചിട്ടുണ്ട്. യു.ഡി.എഫ് സീറ്റ് വിഭജന ചർച്ച പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.