പാലക്കാട്: പാചകവാതക സിലിണ്ടര്‍ ഗാര്‍ഹിക- വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ല ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍ അറിയിച്ചു. ഗ്യാസ് സിലിണ്ടര്‍ കൈകാര്യം ചെയ്യുന്നതിലെ അശ്രദ്ധയും സുരക്ഷാസംവിധാനം ഒരുക്കുന്നതിലെ വീഴ്ചയുമാണ് മിക്ക അപകടങ്ങള്‍ക്കും അഗ്നിബാധക്കും കാരണം. ഫലപ്രദമായ സുരക്ഷാനടപടികള്‍ സ്വീകരിച്ചാല്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനാകും. ജില്ലയില്‍ തൃത്താല പട്ടിത്തറ ചിറ്റപ്പുറത്ത് പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരിക്കെ യുവതി മരിച്ച സാഹചര്യത്തിലാണ് ഫയര്‍ ആന്‍ഡ് റെസ്ക്യൂ വിഭാഗത്തിന്റെ നിർദേശം.
അടഞ്ഞ, വായുസഞ്ചാരം കുറഞ്ഞ ഇടങ്ങളില്‍ സിലിണ്ടര്‍ സൂക്ഷിക്കരുത്.ഗ്യാസ് ഉപയോഗിക്കുമ്പോള്‍ അടുക്കള വാതിലും ജനലുകളും തുറന്ന് മതിയായ വായുസഞ്ചാരം ഉറപ്പാക്കുക.ഉപയോഗിക്കാത്ത അടുപ്പിന്റെ നോബുകള്‍ ഓഫാണെന്ന് ഉറപ്പാക്കുക.
സിലിണ്ടറിനും അടുപ്പിനും സമീപം തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ സൂക്ഷിക്കരുത്. സിലിണ്ടറുകള്‍ അടുക്കളയുടെ പുറത്ത് സൂക്ഷിക്കുന്നതാണ് സുരക്ഷിതം. ഉപയോഗശേഷം നോബും റെഗുലേറ്ററും ഓഫാക്കുക.ഗ്യാസ് സിലിണ്ടറില്‍ നിലവാരമുള്ള റെഗുലേറ്ററും പൈപ്പും ഉപയോഗിക്കുക.ഗ്യാസ് സിലിണ്ടറും വിറക് - ചിമ്മിനി അടുപ്പുകളും അടുത്തടുത്ത് ഉപയോഗിക്കരുത്.
സിലിണ്ടറുമായി സ്റ്റൗവിനെ ബന്ധിപ്പിക്കുന്ന റബര്‍ ട്യൂബ്, വാല്‍വ് എന്നിവ പരിശോധിച്ച് വാതകച്ചോര്‍ച്ച ഇല്ലെന്ന് ഉറപ്പാക്കുക. നിലവാരമുള്ള സ്റ്റൗ ഉപയോഗിക്കുക. കൃത്യമായി ഗ്യാസ് ഇന്‍സ്റ്റലേഷനും അറ്റകുറ്റപ്പണിയും നടത്തുക. കുട്ടികള്‍, പ്രായമായവര്‍, ഗ്യാസ് കൈകാര്യം ചെയ്യാന്‍ അറിയാത്തവര്‍ എന്നിവർ സിലിണ്ടര്‍ കൈകാര്യം ചെയ്യരുത്. ഗ്യാസ് സിലിണ്ടറില്‍ വാല്‍വിലോ റെഗുലേറ്ററിലോ ചോർച്ചയോ തീപിടുത്തമോ ഉണ്ടായാല്‍ പരിഭ്രമിക്കാതെ സിലിണ്ടര്‍ തുറസ്സായ ഇടത്തേക്ക് മാറ്റുക. പുറത്തുവരുന്ന വാതകം ഒരിടത്ത് തന്നെ കുമിഞ്ഞുകൂടുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും.
പാചക വാതകത്തിന് അന്തരീക്ഷ വായുവിനേക്കാള്‍ ഭാരം കൂടുതലായതിനാല്‍ വാതകം തറനിരപ്പിലാണ് വ്യാപിക്കുക. ഇത് ഒഴിവാക്കാനാണ് തുറസ്സായ സ്ഥലത്തേക്ക് മാറ്റുന്നത്. തുടര്‍ന്ന് റെഗുലേറ്റര്‍ സുരക്ഷിത രീതിയില്‍ ഓഫാക്കുക. അശ്രദ്ധമായി കൈകാര്യം ചെയ്യരുത്. റെഗുലേറ്റര്‍ ഓഫാക്കുന്നതിന് നനഞ്ഞ തുണിയോ ചാക്കോ ഉപയോഗിക്കാം. വാല്‍വില്‍ ചോർച്ച ഉണ്ടായാല്‍ ആ ഭാഗത്ത് നനഞ്ഞ തുണി ഉപയോഗിച്ച് അപകടം ഒഴിവാക്കാം. ചോർച്ച ഉണ്ടാകുമ്പോള്‍ കത്താന്‍ സാധ്യതയുള്ള വസ്തുക്കള്‍ സമീപത്ത് നിന്ന് മാറ്റുക. എല്‍.പി.ജി സിലിണ്ടര്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യത താരതമ്യേന കുറവാണ്.തീ പിടിച്ചാല്‍ സിലിണ്ടര്‍ ചൂടാകാതെ സൂക്ഷിക്കുക. തീപിടിച്ച് കത്തുന്ന സിലിണ്ടര്‍ തുടര്‍ച്ചയായി നനയ്ക്കാം. സ്വയം കൈകാര്യം ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ സാഹസികത ഒഴിവാക്കി അഗ്നിരക്ഷ സേനയുടെ സഹായം തേടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.