ചിറ്റൂർ: പാരിസ്ഥിതിക അനുമതിയില്ലാതെ ചിറ്റൂർ, പാലക്കാട് താലൂക്കുകളിലായി പ്രവർത്തിക്കുന്നത് നിരവധി ഇഷ്ടികക്കളങ്ങൾ. കൃഷി ഭൂമിയിൽ നിന്നുൾപ്പെടെ മണ്ണെടുത്താണ് ജില്ലയുടെ കിഴക്കൻ മേഖലയിൽ ഇഷ്ടികക്കളങ്ങൾ പ്രവർത്തിക്കുന്നത്. ചിറ്റൂർപ്പുഴയുടെ തീരത്തു തന്നെ അഞ്ചിലേറെ കളങ്ങൾ അനധികൃതമായി പ്രവർത്തിക്കുന്നുണ്ട്.
ജലമുറ്റൽ തകൃതി; നടപടി പ്രഹസനം
പത്രവാർത്തകളെത്തുടർന്ന് റവന്യൂ അധികൃതർ പേരിനൊരു സ്റ്റോപ്പ് മെമ്മോ നൽകുമെങ്കിലും തുടർനടപടികൾ ഉണ്ടാവാറില്ല. ചിറ്റൂർ പുഴയിലെ ജലമൂറ്റിയാണ് ഇഷ്ടികക്കളങ്ങളുടെയെല്ലാം പ്രവർത്തനം. നാട്ടുകാരുടെ പരാതിയെത്തിയാലും രാഷ്ട്രീയ സ്വാധീനങ്ങളുടെ പേരിൽ തുടർനടപടികളുണ്ടാവാറില്ല. കടുത്ത ജലക്ഷാമം നേരിടുന്ന ചിറ്റൂർ മേഖലയിൽ പൊതു ജലാശയങ്ങളിൽ നിന്നും പുഴയിൽ നിന്നുമെല്ലാം വെള്ളമെടുത്ത് ഇഷ്ടിക നിർമാണം തകൃതിയായി നടക്കുമ്പോഴും റവന്യൂ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര കൃത്യവിലോപമാണ് നടക്കുന്നത്.
പേരിന് മാത്രമാകുന്ന സ്റ്റോപ് മെമോ
പെരുവെമ്പ് പഞ്ചായത്തിലെ വടകരപ്പള്ളിയ്ക്ക് സമീപമുള്ള അനധികൃത ഇഷ്ടികച്ചൂള പ്രവർത്തിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. നാല് ഏക്കറിലധികം സ്ഥലത്താണ് നിർമാണം. 2019ൽ 'മാധ്യമം' വാർത്തയെത്തുടർന്ന് പാലക്കാട് തഹസിൽദാരുടെ നിർദേശപ്രകാരം പെരുവെമ്പ് വില്ലേജ് ഓഫിസർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. വയൽ നികത്തിയ സ്ഥലം പൂർവസ്ഥിതിയിലാക്കണമെന്ന തഹസിൽദാരുടെ ഉത്തരവും പാലിക്കപ്പെട്ടില്ല. മെമ്മോ നൽകിയാൽ പിന്നീട് പ്രവൃത്തി നടത്തുകയോ കല്ലുകൾ നീക്കം ചെയ്യുകയോ ചെയ്യരുതെന്നാണ് നിയമം. 15 ദിവസത്തിനകം വീണ്ടും സ്ഥലം സന്ദർശിച്ച് തൽസ്ഥിതി തുടരുന്നുവെന്ന് ഉറപ്പ് വരുത്തണം. അല്ലെങ്കിൽ വിശദറിപ്പോർട്ട് താലൂക്ക് അധികൃതർക്കും പൊലീസിനും തുടർ നടപടികൾക്കായി നൽകണം. ഇതു മറികടന്ന് സ്റ്റോപ്പ് മെമ്മോ നൽകി വർഷങ്ങൾ പിന്നിട്ടിട്ടും ഒരു നടപടിയും വില്ലേജ് ഓഫിസർ കൈക്കൊണ്ടില്ല.
ചിറ്റൂർ പുഴയുടെ തീരത്ത് അനുമതിയില്ലാത്ത ഇഷ്ടിക നിർമാണത്തിനെതിരെ നിരവധി പരാതികൾ ഉയർന്നിട്ടും പെരുവെമ്പ് പഞ്ചായത്ത് അധികൃതരുടെ ഭാഗത്തു നിന്നോ റവന്യൂ വകുപ്പിൽ നിന്നോ നടപടി ഉണ്ടായിട്ടില്ല. തമിഴ്നാട്ടിൽ നിന്നുൾപ്പെടെ നിരവധി തൊഴിലാളികളെ എത്തിച്ചാണ് ഇവിടെ ഇഷ്ടിക നിർമാണം തകൃതിയായി നടക്കുന്നത്.
പുഴയിടിച്ചും ഖനനം, അറിഞ്ഞില്ലെന്ന് അധികൃതർ
പുഴയോട് ചേർന്നുള്ള ഭാഗങ്ങളിൽ നിന്നുൾപ്പെടെ ഇതിനായി മണ്ണെടുക്കുന്നുണ്ട്. പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്ത വിധം ഉൾപ്രദേശത്താണ് ഇഷ്ടികക്കളങ്ങൾ. പുഴയുടെ തീരത്ത് നിർമാണം പുരോഗമിക്കുന്ന തടയണയുടെ സമീപത്താണ് ഇഷ്ടികക്കളം. നിരവധി തവണ തദ്ദേശവാസികൾ റവന്യൂ വകുപ്പിനുൾപ്പെടെ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്. ഇഷ്ടിക നിർമാണത്തിനായി മണ്ണെടുത്ത് വലിയ കുഴികളായ നെൽപ്പാടങ്ങൾക്ക് സമീപമുള്ള മറ്റ് കൃഷിയിടങ്ങളിൽ ജലസേചന സൗകര്യമില്ലാത്ത പ്രശ്നവുമുണ്ട്.
അനധികൃത ഇഷ്ടിക നിർമാണം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് പെരുവെമ്പ് വില്ലേജ് ഓഫിസർ 'മാധ്യമ'ത്തോട് പറഞ്ഞു. സ്ഥലം സന്ദർശിച്ച് തുടർ നടപടികളെടുക്കുമെന്നും സ്റ്റോപ്പ് മെമ്മോ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും പാലക്കാട് തഹസിൽദാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.