ചിറ്റൂർ: നിയോജക മണ്ഡലത്തിലെ മുഴുവൻ വീടുകളിലും ശുദ്ധജലമെത്തിക്കാനുള്ള നടപടികൾ ജലവിഭവ വകുപ്പ് സ്വീകരിച്ചുകഴിഞ്ഞതായി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. പെരുവെമ്പ്-പൊൽപ്പുള്ളി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചിറ്റൂർ പുഴക്ക് കുറുകെ നിർമിക്കുന്ന വടകരപ്പള്ളി റെഗുലേറ്ററിെൻറ നിര്‍മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 6765 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു. ഇതില്‍ 4765 കോടിയും കിഫ്ബി വഴിയാണ് ലഭിക്കുന്നത്. ഇത്തരം ഗുണങ്ങൾ മനസ്സിലാക്കാത്തവരാണ് കിഫ്ബിയെ വിമര്‍ശിക്കുന്നതെന്നും വീടുകളിലേക്ക് നേരിട്ട് ഗുണഫലം ലഭ്യമാകുന്ന പദ്ധതികളാണ് കിഫ്ബിയിലൂടെ നടപ്പാക്കപ്പെടുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
നെൽകൃഷിയെ മാത്രം ആശ്രയിച്ച് കാർഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്ന രണ്ടു പഞ്ചായത്തുകളിലെ ജലക്ഷാമത്തിനാണ് വടകരപ്പള്ളി റെഗുലേറ്റർ വരുന്നതോടെ ശാശ്വത പരിഹാരമാകുന്നത്. മേഖലയിലെ ഭൂഗർഭ ജലവിതാനം ഉയർത്താനും ഈ റെഗുലേറ്റർ ഉപകരിക്കും. പെരുവെമ്പ്, പൊൽപ്പള്ളി പഞ്ചായത്തുകൾക്കൊപ്പം ചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റിയിലെയും ഏകദേശം 1200 ഹെക്ടർ കൃഷിഭൂമിയിലെ ഭക്ഷ്യ- നാണ്യ വിളകളുടെ ഉൽപാദനത്തോത് വർധിപ്പിക്കാനാകും വിധത്തിലുള്ള സുസ്ഥിര ജലസേചനമാണ് ഒന്നര വർഷംകൊണ്ട് പൂർത്തിയാക്കാനുദ്ദേശിക്കുന്ന ഈ റെഗുലേറ്ററിലൂടെ ലക്ഷ്യമിടുന്നത്. കിഫ്ബിയുടെ ധനസഹായത്തോടെ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രെക്ചർ െഡവലപ്മെൻറ് കോർപറേഷനാണ് റെഗുലേറ്റർ നിർമാണത്തിന് മേൽനോട്ടം വഹിക്കുന്നത്. 19.84 കോടി രൂപയാണ് നിർമാണച്ചെലവ്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ബിനുമോൾ അധ്യക്ഷത വഹിച്ചു.
കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ. ചിന്നക്കുട്ടൻ, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. വി. മുരുകദാസ്, പെരുവെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ഹംസത്ത്, പൊൽപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബാലഗംഗാധരൻ, കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രെക്ചർ െഡവലപ്മെൻറ് കോർപറേഷൻ സി.ഇ.ഒ എസ്. തിലകൻ, ചീഫ് എൻജിനീയൻ ടെറൻസ് ആൻറണി എന്നിവർ സംസാരിച്ചു. ജനപ്രതിനിധികളായ എസ്. ഉഷാകുമാരി, സി. ശശികല, എം. സുബൈറത്ത്, കെ. ശിവരാമൻ, വി. ബാലകൃഷ്ണൻ, വി. ചിത്ര, സുബ്രഹ്മണ്യൻ, ശ്രീജ, രാഷ്ട്രീയകക്ഷി പ്രതിനിധികളായ സി. കൃഷ്ണൻകുട്ടി, മുഹമ്മദ് മൂസ, സുരേഷ് ബാബു, തങ്കപ്രകാശൻ, ബിജു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.