പാലക്കാട്: വാളയാര്‍ ടോള്‍പ്ലാസക്കു സമീപം പാചകവാതക ടാങ്കറിന് ചോര്‍ച്ച. ഒഴിവായത് വന്‍ ദുരന്തം. ഭാരത് പെട്രോളിയം കോര്പറേഷന് ലിമിറ്റഡിന്റെ (ബി.പി.സി.എൽ) ഗ്യാസ് റീഫില്ലിങ് കേന്ദ്രത്തില്‍നിന്ന് സേലത്തേക്ക് പോവുകയായിരുന്ന ബുള്ളറ്റ് ടാങ്കറിനാണ് ചോര്‍ച്ചയുണ്ടായത്. ശനിയാഴ്ച വൈകീട്ട് 6.15ഓടെയാണ് സംഭവം. വിവരമറിഞ്ഞ് കഞ്ചിക്കോട്ടുനിന്നും പാലക്കാട്ടുനിന്നും അഗ്നിരക്ഷാസേനയെത്തി സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കി.
വാളയാര്‍ പൊലീസ് ടോള്‍പ്ലാസയില്‍നിന്ന് ഇരുവശത്തേക്കുമായി ഹൈവേയില്‍ 10 കിലോമീറ്റര്‍ ഗതാഗതം തടഞ്ഞു. ഇത്രയും ഭാഗത്ത് വൈദ്യുതി കണക്ഷന് വിച്ഛേദിച്ചു. ബി.പി.സി.എല്ലില്‍നിന്നുള്ള സാങ്കേതിക വിദഗ്ധരെത്തി ചോര്‍ച്ച അടച്ചതോടെയാണ് അപകടാവസ്ഥ ഒഴിഞ്ഞത്. ഗ്യാസ് ഡിറ്റക്റ്ററിന്റെ സഹായത്തോടെ ചോര്‍ച്ച പൂര്‍ണമായി അടച്ചെന്ന് ഉറപ്പുവരുത്തി വാഹനം ട്രയല്‍ റണ്‍ നടത്തി രാത്രി 7.50ഓടെ കഞ്ചിക്കോട്ടെ ബി.പി.സി.എല്‍ പ്ലാന്റിലേക്ക് മാറ്റി.
രണ്ട് ഫയര്‍ എൻജിനുകള്‍ മുന്നിലും ഒന്ന് പിന്നിലുമായാണ് ടാങ്കര്‍ സുരക്ഷിതമായി ബി.പി.സി.എല്ലിലേക്ക് എത്തിച്ചത്. വീണ്ടും ചോര്‍ച്ചയുണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് ടാങ്കറില്‍നിന്ന് വാതകം മറ്റൊരു വാഹനത്തിലേക്ക് മാറ്റി.
പാലക്കാട് ജില്ല ഫയര്‍ ഓഫിസര്‍ ടി. അനുപ്, കഞ്ചിക്കോട് സ്റ്റേഷന് ഓഫിസര്‍ ടി.ആര്. രാഗേഷ് എന്നിവരും സ്ഥലത്തെത്തി. ഫയര്‍ ആൻഡ് സേഫ്റ്റി ഓഫിസര്‍ ജിതേഷ്, ഫയര്‍ ഓഫിസര്‍ ഡ്രൈവര്‍ പ്രദീപ്, ഫൈസല്‍, രാഗേഷ്, ഗാര്‍ഡ് കരുണാകരന്. സജിത്ത്, രജീഷ് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.