കൊല്ലങ്കോട്: ചുള്ളിയാർ ഡാമിൽ സ്ഥാപിച്ച സോളാർ ബൾബുകളുടെ ബാറ്ററി മോഷ്ടിച്ചത് പുനഃസ്ഥാപിച്ചില്ലാത്തതിനാൽ ചുള്ളിയാർ ഡാം ഇരുട്ടിൽ തന്നെ.
46 ലധികം തൂണുകളിൽ സ്ഥാപിച്ച ബൾബുകളുടെ ബാറ്ററികളാണ് മാസങ്ങൾക്കു മുമ്പ് മോഷ്ടാക്കൾ കവർന്നത്. ഇതുവരെ ബാറ്ററികൾ പുനഃസ്ഥാപിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. പരമാവധി സംഭരണ ശേഷിയിലെത്താനായ ജലനിരപ്പുള്ള ചുള്ളിയാർ ഡാമിൽ സുരക്ഷ ശക്തമാക്കേണ്ട സാഹചര്യത്തിലാണ് ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച വിളക്കുകൾ പ്രകാശിക്കാതായത്.
ഓരോ തൂണിലും താഴെ സ്ഥാപിച്ച ബാറ്ററി ബോക്സ് പൂട്ട് പൊളിച്ചാണ് ബാറ്ററി കവർന്നതെന്നതിനാൽ പുതിയ ബാറ്ററി എങ്ങനെ സ്ഥാപിക്കുമെന്നറിയാതെ അധികൃതരും കുഴങ്ങിയ നിലയിലാണ്.
ഡാമിനകത്തുള്ള ഹൈമാസ്റ്റ് ബൾബും കണ്ണടച്ചതിനാൽ സന്ധ്യയായാൽ നിറഞ്ഞു നിൽക്കുന്ന ഡാമിനകത്ത് പരിശോധനക്കുപോലും ഉദ്യോഗസ്ഥർക്ക് എത്താൻ സാധിക്കാത്ത അത്രയും ഇരുട്ടാണ് ഉള്ളത്. ഓറഞ്ച് അലർട്ടിൽ എത്തി നിൽക്കുന്ന ജലനിരപ്പ് ഉയർന്നാൽ അതിവ സുരക്ഷ ആവശ്യമുള്ള ചുള്ളിയാർ ഡാമിൽ വൈദ്യുത ലൈൻ ദീർഘിപ്പിച്ച് ബൾബുകൾ പ്രകാശിപ്പിക്കാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.