കൊല്ലങ്കോട്: പൊതുമരാമത്ത് വകുപ്പിന്റെ നിർദേശം മറികടന്ന് ഊട്ടറ പാലത്തിലൂടെ 45 ടൺ ഭാരമുള്ള വാഹനങ്ങൾ കടക്കുന്നു. വിള്ളലുണ്ടായ ശേഷം 50 ലക്ഷത്തിന്റെ അറ്റകുറ്റപണികൾ നടത്തിയ പാലത്തിൽ ടിപ്പർ, ടോറസ് കടത്തരുതെന്ന് പൊതുമരാമത്ത് വകുപ്പ് കർശന നിർദേശം നൽകിയതാണ് അവഗണിക്കുന്നത്. ഇതിനായി മൂന്നു മീറ്റർ ഉയരത്തിലധികം വരുന്ന വാഹനങ്ങൾ കടക്കാതിരിക്കാൻ പാലത്തിനിരുപുറവും ബാരിയർ സ്ഥാപിച്ചിരുന്നു. ഇതിൽ തുടർച്ചയായി ചരക്കു വാഹനങ്ങൾ ഇടിച്ച് തകർന്നതിനാൽ പുതിയ ബാരിയർ സ്ഥാപിക്കാതെ ഉപേക്ഷിച്ചു. എല്ലാ ചരക്കുവാഹനങ്ങളും കടക്കുന്നതാണ് അപകടങ്ങൾക്ക് വഴിവെച്ചത്. രാത്രികളിൽ നൂറിലധികം ടോറസുകളാണ് പാലം വഴി കടക്കുന്നത്. ഒരു വാഹനത്തിനെതിരെ പോലും ഇതുവരെ നടപടിയെടുക്കാത്തതിന് രാഷ്ട്രീയ ഇടപെടലാണ് കാരണമെന്ന് നാട്ടുകാർ പറയുന്നു.
കൊല്ലങ്കോട്-പാലക്കാട് പ്രധാന റോഡിൽ ഗായത്രി പുഴയിലെ ഊട്ടറ പാലത്തിൽ ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് 2023 ജനുവരി എട്ടിന് പാലത്തിലൂടെ ഗതാഗതം നിരോധിച്ചിരുന്നു. അറ്റകുറ്റപ്പണികൾ നടത്തി ഏപ്രിൽ 27 ന് തുറന്നു നൽകി. പാലത്തിലെ വിള്ളലും ജീർണാവസ്ഥയും പരിഹരിക്കാൻ 50 ലക്ഷം രൂപ സർക്കാർ അനുവദിച്ചു.
ആംബുലൻസ് ഉൾപ്പെടെ വാഹനങ്ങൾ കടക്കാൻ മൂന്ന് മീറ്റർ ഉയരത്തിൽ ബാരിയർ സ്ഥാപിച്ച് നിയന്ത്രിക്കാനുള്ള രീതിയിലാണ് പാലം അറ്റകുറ്റപ്പണികൾ നടത്തിയത്. കൂടുതൽ ചരക്ക് കയറ്റിയ ലോറികൾ കടക്കാതിരിക്കാൻ പാലത്തിലൂടെ ഗതാഗതം നിയന്ത്രിക്കാൻ സ്ഥാപിച്ച ബാരിയറിനു പകരം കാമറ സ്ഥാപിച്ച് ചരക്ക് ലോറികൾ, ടോറസ് എന്നിവ കടക്കുന്നതിനെതിരെ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഗായത്രി പുഴ ഓവർ ബ്രിഡ്ജ് നിർമാണത്തിനും ഊട്ടറ റെയിൽവേ മേൽപ്പാലത്തിനുമായി വകയിരുത്തിയ 20 കോടി രൂപ നിർമാണ രംഗത്തേക്കെത്തുവാൻ സർക്കാർ നടപടികൾ വേഗത്തിലാക്കണമെന്ന് ബസ് റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് മുരുകൻ ഏറാട്ടിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.