ആവിപറക്കുന്ന ബിരിയാണി രുചിക്കൊപ്പം

ആലത്തൂർ: കോവിഡ് തളർത്തിയ പച്ചക്കറി മൊത്തവ്യാപാരം വീണ്ടെടുക്കാൻ കഴിയുമെന്ന വിശ്വാസം നഷ്​ടമായതോടെ മുഹമ്മദ് നൗഫലിന്​ ആധിയുടെ ദിനങ്ങളായിരുന്നു. ജീവിതമെങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നറിയാതെ ഉറക്കംപോലും നഷ്​ടപ്പെട്ട ദിനങ്ങൾ. ഇന്ന്​ ആവിപറക്കുന്ന ബിരിയാണി രുചിക്കൊപ്പം ഒരു കുടുംബത്തെ തളരാതെ പിടിച്ചുനിർത്തിയ കഥപറയു​േമ്പാൾ നൗഫലി​െൻറ മുഖത്ത്​ ഒരുചിരി മിന്നിമറയും.

കോയമ്പത്തൂർ നഗരത്തിൽ പച്ചക്കറിവ്യാപാരം നടത്തിയിരുന്ന ആളാണ് നൗഫൽ. ലോക്ഡൗൺ വന്നതോടെ എല്ലാം നഷ്​ടമായി. ഹോട്ടലുകളിലും ഹോസ്​റ്റലുകളിലും മറ്റും പചക്കറി മൊത്തമായി നൽകുന്നതായിരുന്നു നൗഷാദി​െൻറ വ്യാപാരം. വാഹനവും കൂടെ തൊഴിലാളികളുമുണ്ടായിരുന്നു. പുതുനഗരം സ്വദേശിയായ നൗഫലിെൻറ ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം കോയമ്പത്തൂരിൽ വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. വ്യാപാരം നിന്നുപോയതോടെ കുറച്ചുകാലം പിടിച്ചുനിന്നെങ്കിലും ​പ്രതിസന്ധി മാസങ്ങൾ നീണ്ടതോടെ പിടിവിട്ടു.

അവിടെനിന്ന് വീടൊഴിഞ്ഞ് നാട്ടിലെത്തിയെങ്കിലും കുടുംബവീട്ടിൽ എല്ലാവർക്കും ഒരുമിച്ച് താമസിക്കാൻ സൗകര്യക്കുറവായതോടെ പെരുവെമ്പ് ചുങ്കത്ത്​ വാടകക്ക് വീടെടുത്ത് താമസം അവിടേക്ക് മാറ്റി. മാതാപിതാക്കൾ ഉൾപ്പെടെ ഏഴുപേരടങ്ങുന്നതാണ് കുടുംബം. ഇപ്പോൾ വീട്ടിൽ ഉണ്ടാക്കിയ ബിരിയാണി പാക്ക് ചെയ്ത് കാറിൽ കൊണ്ടുവന്ന് വിൽപന നടത്തുകയാണ് നൗഫൽ. ഹോം മെയ്ഡ് റാവുത്തർ ബിരിയാണി എന്നാണ് പേര്. പാലക്കാട്-തൃശൂർ ദേശീയപാതയിൽ കുഴൽമന്ദം പുതുക്കോട് ഭാഗത്ത് ഹോം മെയ്ഡ് റാവുത്തർ ബിരിയാണി എന്ന ബോർഡ് വെച്ച കാറ് കാണാം.

ചിക്കൻ ബിരിയാണിക്കും ഒരു ബോട്ടിൽ കുടിവെള്ളത്തിനും 80 രൂപയും മുട്ട ബിരിയാണിക്കും വെള്ളത്തിനും 50 രൂപയുമാണ് വില. കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകാമെന്ന സാഹചര്യത്തിലെത്തിയിട്ടില്ല. എന്നാലും പ്രതീക്ഷവിടാതെ പൊരുതാൻതന്നെയാണ്​ 38കാരനായ മുഹമ്മദ് നൗഫലി​െൻറ തീരുമാനം. ഒപ്പം പ്രതിസന്ധികളിൽ തോൽക്കില്ലെന്ന ആത്​മവിശ്വാസവും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.