പാലക്കാട്: സി.പി.എം സമ്മേളനങ്ങൾക്ക് ബുധനാഴ്ച കൊടിയേറും. സെപ്റ്റംബർ 15 മുതൽ ജനുവരി മൂന്നുവരെയാണ് ബ്രാഞ്ച് മുതൽ ജില്ലാതലം വരെയുള്ള സമ്മേളനങ്ങൾ. നിയമസഭ തെരഞ്ഞെടുപ്പും കോവിഡും മൂലം ഒരുവർഷം വൈകിയാണ് സമ്മേളനങ്ങൾ നടക്കുന്നത്. കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും സമ്മേളനങ്ങൾ. ബുധനാഴ്ച ബ്രാഞ്ച് സമ്മേളനങ്ങൾക്കാണ് തുടക്കം കുറിക്കുന്നത്. ബ്രാഞ്ച് സമ്മേളനത്തിൽ അംഗങ്ങളായ 15 പേരും പെങ്കടുക്കും.
ഒക്ടോബർ 15ന് ബ്രാഞ്ച് സമ്മേളനം തീരും. ദിവസം ശരാശരി 30 സമ്മേളനങ്ങൾ വരെയുണ്ടാകും. ഏരിയ കമ്മിറ്റി അംഗങ്ങളായ 300 പേർക്കാണ് സംഘടന ചുമതല. ഒക്ടോബർ 15 മുതൽ നവംബർ 15വരെയാണ് ലോക്കൽ സമ്മേളനം. പ്രതിനിധികളുടെ എണ്ണത്തിൽ നിയന്ത്രണമുള്ള എൽ.സി സമ്മേളനം ജില്ല കമ്മിറ്റി അംഗങ്ങളുടെ നിയന്ത്രണത്തിലായിരിക്കും. ഏരിയ സമ്മേളനങ്ങളുടെ ചുമതല സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കാണ്.
സാധാരണ മൂന്നുദിവസമാണ് ഏരിയ സമ്മേളനമെങ്കിൽ അത് ഇത്തവണ രണ്ടാക്കി ചുരുക്കി. മൂന്നുദിവസമായി നടക്കുന്ന ജില്ല സമ്മേളനത്തിൽ സംവാദ പരിപാടികളെല്ലാം വെബിനാറുകളാക്കി ക്രമീകരിക്കും. പൊതുസമ്മേളനവും വളൻറിയർ മാർച്ചും ഉണ്ടാകില്ല. എല്ലാ ഘടകങ്ങളിലും മുതിർന്ന അംഗങ്ങൾ പാർട്ടി പതാക ഉയർത്തും. ജില്ല സമ്മേളനം ഡിസംബർ 31, ജനുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ പിരായിരിയിലാണ്. ജില്ല സമ്മേളനത്തിൽ പരാമവധി 180 പ്രതിനിധികൾ ഉണ്ടായിരിക്കും.
സി.പി.എം പാലക്കാട് ജില്ല
പാർട്ടി അംഗങ്ങൾ- 40,137
ബ്രാഞ്ച് കമ്മിറ്റികൾ -2942
ലോക്കൽ കമ്മിറ്റികൾ -135
ഏരിയ കമ്മിറ്റികൾ -15
ബ്രാഞ്ച്, ലോക്കൽ കമ്മിറ്റികൾ വിഭജിക്കും
പാലക്കാട്: അംഗത്വവർധനക്ക് ആനുപാതികമായി പാർട്ടി സമ്മേളനത്തോടനുബന്ധിച്ച് ബ്രാഞ്ച്, ലോക്കൽ കമ്മിറ്റികൾ വിഭജിക്കും. പത്തുവർഷം മുമ്പാണ് കീഴ്ഘടകങ്ങളുടെ വിഭജനം നടന്നത്. ബ്രാഞ്ചിൽ 15 അംഗങ്ങൾ എന്നതാണ് പാർട്ടി വ്യവസ്ഥ. അതിൽ കൂടുതൽ പേർ അംഗങ്ങളായ ബ്രാഞ്ചുകളാണ് വിഭജിക്കുക. 25 ബ്രാഞ്ചുകളിൽ കൂടുതലുള്ള ലോക്കൽ കമ്മിറ്റികളും രണ്ടാക്കും. നിലവിൽ 50 ബ്രാഞ്ചുകൾ വരെയുള്ള എൽ.സികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.