പാലക്കാട്: പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയിലുള്ള മരത്തിൽ കൂടുവെച്ച തേനീച്ച കുത്തി 14 വയസ്സുള്ള പെൺകുട്ടി മരിച്ച സംഭവത്തിൽ അവകാശികൾക്ക് സർക്കാർ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ചീഫ് സെക്രട്ടറിക്ക് ഉത്തരവ് നൽകി.
ചിറ്റൂർ എരുത്തേമ്പതി വണ്ണാമട സ്വദേശി മുരുകേശന്റെ മകൾ ആർത്തിക്കാണ് 2020 ഏപ്രിൽ 25ന് രാത്രി വീട്ടിൽ തേനീച്ചകളുടെ കുത്തേറ്റത്. തേനീച്ച ശല്യം കാരണം പൂളമരം മുറിക്കണമെന്നാവശ്യപ്പെട്ട് മുരുകേശൻ 2018 മുതൽ പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് പരാതി നൽകിയിട്ടും മുറിക്കാത്തതാണ് ദുരന്ത കാരണം.
മരം മുറിക്കാനുള്ള നടപടിക്രമങ്ങളുടെ നൂലാമാലകളും ഉദ്യോഗസ്ഥരുടെ മാനുഷികമൂല്യച്യുതിയും കാരണമാണ് ഒരു പെൺകുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടതെന്ന് കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സമർപ്പിച്ച റിപ്പോർട്ടിൽ അവർ നിയമാനുസൃതം നടപടികൾ സ്വീകരിച്ചതായി കമീഷൻ നിരീക്ഷിച്ചു. എന്നാൽ, ഉദ്യോഗസ്ഥർ വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ടില്ല. മനുഷ്യജീവൻ രക്ഷിക്കുന്നതിന് ഉദ്യോഗസ്ഥർ വിവേചനാധികാരം ഉപയോഗിക്കണം.
കേസിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് ചീഫ് സെക്രട്ടറി അന്വേഷിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. ഉണ്ടെങ്കിൽ നഷ്ടപരിഹാരമായി നൽകുന്ന തുക അവരിൽനിന്ന് ഈടാക്കാവുന്നതാണെന്ന് ഉത്തരവിൽ പറഞ്ഞു. ഇക്കാര്യത്തിൽ ആവശ്യമായ അന്വേഷണം നടത്തണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.