മണ്ണൂർ: സി.പി.എം നേതാവും മണ്ണൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറുമായിരുന്ന എം. ഹരിദാസന് ജന്മനാട് കണ്ണീരോടെ വിട ചൊല്ലി. പക്ഷാഘാതത്തെ തുടർന്ന് മൂന്ന് വർഷത്തിലേറെയായി വീട്ടിൽ ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് മരിച്ചത്.
ആശുപത്രിയിലേക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2005-10 കാലഘട്ടത്തിൽ മണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്നു നാട്ടുകാരുടെ ഹരിയേട്ടൻ എന്ന് വിളിക്കുന്ന ഹരിദാസൻ. പിന്നീടുള്ള ഭരണത്തിൽ അഞ്ചു വർഷം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി.
നഗരിപ്പുറം സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറാണ്. സി.പി.എം ലോക്കൽ കമ്മിറ്റിയംഗം, സി.ഐ.ടി.യു പഞ്ചായത്ത് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.
നേതാവിനെ അവസാനമായി കാണാൻ നിരവധി പേരാണ് എത്തിച്ചേർന്നത്. മുൻ പഞ്ചായത്ത് പ്രസിഡൻറ് ഒ.വി. സ്വാമിനാഥൻ, ശാന്തകുമാരി, സി.പി.എം ജില്ല കമ്മിറ്റിയംഗം എം. ഹംസ, സി.ഐ.ടി.യു, കർഷകസംഘം, സഹകരണ ബാങ്ക് പ്രതിനിധികൾ എന്നിവർ റീത്ത് സമർപ്പിച്ചു. സി.പി.എം മുണ്ടൂർ ഏരിയ സെക്രട്ടറി സി.ആർ. സജീവ്, ടി.ആർ. ശശി തുടങ്ങി വിവിധ രാഷ്ട്രീയ നേതാക്കൾ അന്തിമോപചാരമർപ്പിക്കാനെത്തി.
ഉച്ചയോടെ ഐവർമഠത്തിൽ സംസ്കാരം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.