ചെമ്മണാമ്പതി: അതിർത്തി തോട്ടങ്ങളിൽ സ്പിരിറ്റ് ശേഖരങ്ങൾ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി തമിഴ്നാട് പൊലീസ്. തെങ്ങിലെ കള്ള് ഉൽപാദിപ്പിച്ച് അതിൽ സ്പിരിറ്റ് കലർത്തി വിൽപനക്ക് കൊണ്ടുപോകുന്നതിനായി മാവിൻ തോട്ടത്തിൽ കുഴികൾ നിർമിച്ചാണ് സ്പിരിറ്റ് ശേഖരിക്കുന്നത്. 2023ൽ ചെമ്മണാമ്പതിയിലെ മാവിൻ തോട്ടത്തിൽ 146 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 4,818 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടിയതോടെയാണ് സ്പിരിറ്റ് സൂക്ഷിക്കുന്ന തോട്ടങ്ങളുടെ വിവരങ്ങൾ പുറംലോകം അറിയുന്നത്. തുടർന്നുണ്ടായ തിരച്ചിലുകളിൽ രണ്ടുതവണകളിലായി ആയിരത്തിലധികം ലിറ്റർ സ്പിരിറ്റ് പിടികൂടിയിരുന്നു. ശേഷം കഴിഞ്ഞ ആഴ്ചയാണ് തിരുവനന്തപുരത്തുള്ള എൻഫോഴ്സ്മെന്റ് സംഘം 49 കന്നാസുകളിലായി മിനിലോറിയിൽ കയറ്റിയ 1700 ലിറ്റർ സ്പിരിറ്റ് പിടികൂടുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ പിടിയിലായി. ന്ന് തോട്ടങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് 4950 ലിറ്റർ സ്പിരിറ്റ് തമിഴ്നാടിനകത്തുള്ള തോട്ടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ വർഷം സ്പിരിറ്റ് പിടികൂടിയ കേസിലെ പ്രതിയാണ് ആന കെട്ടിമേട്ടിലെ സബീഷ് സി. ജേക്കബ്. ഇത്തവണയും സബീഷിനെതിരെ തമിഴ്നാട് പൊലീസ്, കേരള എക്സൈസ് സംഘം എന്നിവ സ്പിരിറ്റ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കേസെടുത്തിരുന്നു. മാവിൻ തോട്ടങ്ങളിലെ കെട്ടിടങ്ങളിലും മണ്ണിനടിയിലുമാണ് സ്പിരിറ്റ് ശേഖരിച്ച് വെക്കുന്നത്. തെങ്ങിൽ തോട്ടങ്ങളിൽനിന്ന് കള്ളുമായി മാവിൻ തോട്ടങ്ങളിൽ എത്തുന്ന വാഹനങ്ങളിൽ സ്പിരിറ്റ് കലർത്തിയാണ് എറണാകുളം, കോട്ടയം, പത്തനംതിട്ട, മാവേലിക്കര, കരുനാഗപ്പള്ളി എന്നീ റേഞ്ചുകളിലെ കള്ള് ഷാപ്പുകളിലേക്കു വിതരണം ചെയ്യുന്നതെന്ന് അധികൃതർ കഴിഞ്ഞവർഷം കണ്ടെത്തിയിരുന്നു. സമാന രീതിയിൽ സ്പിരിറ്റ് കടത്തുന്ന തോട്ടങ്ങൾ അതിർത്തിയിൽ വ്യാപകമായതിനാൽ എക്സൈസ് പരിശോധന തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.