ഒറ്റപ്പാലം: ഓണത്തിരക്കിലമർന്ന ഒറ്റപ്പാലത്ത് ഗതാഗതകുരുക്കഴിക്കാൻ കഴിയാതെ പൊലീസ് വിയർക്കുന്നു. കഴിഞ്ഞ ദിവസം മുതൽ 17 വരെ നഗരപാതയിൽ പൊലീസ് നടപ്പാക്കിയ ട്രാഫിക് പരിഷ്കാരത്തിനും ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സാധിച്ചില്ലെന്നതിന്റെ നേർകാഴ്ചയായിരുന്നു വെള്ളിയാഴ്ചയിലെ അവസ്ഥ.
ശനിയാഴ്ചത്തെ ഉത്രാടപ്പാച്ചിലിൽ നഗരപാതയെ എത്രത്തോളം കുരുക്കിലകപ്പെടുത്തുമെന്നതാണ് അധികൃതരുടെ ആശങ്ക. ഈസ്റ്റ് ഒറ്റപ്പാലം മുതൽ കണ്ണിയംപുറം തോട്ടുപാലം വരെയും ചെർപ്പുളശ്ശേരി റോഡിൽ സെൻഗുപ്ത റോഡ് കവാടം മുതൽ ചെർപ്പുളശ്ശേരി റോഡ് ജങ്ഷൻ വരെയും സെൻഗുപ്ത റോഡിലും ഗതാഗത തടസ്സം പലതവണ നേരിട്ടു.
ഇടുങ്ങിയ നഗരപാതയും അവയിൽ ഉൾക്കൊള്ളുന്നതിന്റെ പല മടങ്ങ് വാഹനങ്ങൾ പ്രവേശിക്കുന്നതുമാണ് ഒറ്റപ്പാലത്തെ ഗതാഗതക്കുരുക്കിന് മുഖ്യകാരണം. ഇതിനിടെ പാതയോരങ്ങളിൽ നിരനിരനിരയായി തലങ്ങും വിലങ്ങും നിർത്തിയിട്ട ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവ വെല്ലുവിളി സൃഷ്ടിക്കുന്നുമുണ്ട്.
കിഴക്കേ തോടിന് സമീപം ഇടുങ്ങിയ പഴയ പാലത്തിൽ അനുഭവപ്പെടുന്ന കുരുക്ക് അനുബന്ധ ദുരിതമാണ്. ലോക ബാങ്ക് സഹായത്തോടെ നിർമിച്ച പാലക്കാട്-കുളപ്പുള്ളി പാതയിൽ കിഴക്കേ തോട്ടുപാലം കുപ്പിക്കഴുത്ത് പരുവത്തിലാണ്. ഇതിന് സമാന്തരമായ പാലത്തിന്റെ നിർമാണോദ്ഘാടനം നടത്തുകയും പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്ത ഘട്ടത്തിൽ മഴ ആരംഭിക്കുകയും തോട്ടിൽ വെള്ളം ഉയർന്നതിനെ തുടർന്ന് പണി നിർത്തിവെക്കുകയുമായിരുന്നു.
അനധികൃത കൈയേറ്റം തിരിച്ചുപിടിച്ച് പാതയുടെ വീതി കൂട്ടാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ ഓപ്പറേഷൻ അനന്ത, നഗരപാതയിലെ വാഹനത്തിരക്ക് കുറക്കാൻ കണ്ടെത്തിയ ബൈപാസ് റോഡ് തുടങ്ങിയ പദ്ധതികൾ ഇപ്പോഴും തുടങ്ങിയേടത്തുതന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.