പാലക്കാട്: സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച ഷൊര്‍ണൂർ കല്ലിപ്പാടം സ്വദേശി ഗൗരി ലക്ഷ്മിയുടെ ചികിത്സക്കായി തുക കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് നാട്. മേയ് മാസത്തിന് മുമ്പ് സമാഹരിക്കേണ്ടത് 16 കോടിയാണ്. വാർത്തയറിഞ്ഞ് നന്മയുടെ കൂട്ടായ്മയുമായി രംഗത്തെത്തിയ പാലക്കാട് -കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും മനസ്സറിഞ്ഞ് പരിശ്രമിച്ചപ്പോൾ ഒറ്റദിവസം കൊണ്ട് സമാഹരിക്കാനായത് എട്ടുലക്ഷത്തോളം രൂപ. ബുധനാഴ്ച രാത്രി സര്‍വിസ് അവസാനിപ്പിക്കുമ്പോള്‍ 40 ബസുകളില്‍നിന്ന് സമാഹരിച്ചത് 7,84,030 രൂപയാണ്.
സർവിസുകളിൽ യാത്രക്കാരുടെ സഹകരണവും ഉറപ്പുവരുത്തി. ബസ് ജീവനക്കാര്‍ കൈയില്‍ ടിക്കറ്റ് ബാഗിന് പകരം ബക്കറ്റെടുത്തു. ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലും ബസ് സ്റ്റാന്‍ഡിലും നടന്ന് പിരിവെടുത്തു. സുമനസ്സുകൾ കഴിയാവുന്ന സഹായമെത്തിച്ചു. 'ബസ് കേരള' എന്ന സമൂഹ മാധ്യമ കൂട്ടായ്മയിലെ പ്രവര്‍ത്തകര്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ പിരിവ് നടത്തി 77,000 രൂപ ശേഖരിച്ചു. സമാഹരിച്ച തുക ബസ് ഉടമകളും ജീവനക്കാരും ശനിയാഴ്ച ഗൗരിയുടെ വീട്ടിലെത്തി അച്ഛന് ലിജുവിനും അമ്മ നിതക്കും കൈമാറും. മാതൃക ഉള്‍ക്കൊണ്ട് മഞ്ചേരി- കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് ഉടമകളും 'ഗൗരി ചികിത്സ സഹായ ഫണ്ട്' ശേഖരണത്തിനായി തിങ്കളാഴ്ച സര്‍വിസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
കുഞ്ഞു ഗൗരിയുടെ ചികിത്സക്കായി 15 ദിവസത്തിനകം മരുന്നെത്തിക്കേണ്ടതുണ്ട്. അടുത്ത മാസം രണ്ടിന് ഗൗരി ലക്ഷ്മിയുടെ രണ്ടാം പിറന്നാളാണ്. പാതി തളര്‍ന്ന ശരീരവുമായി മകളുടെ ചികിത്സക്കു വേണ്ടിയുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് അച്ഛൻ ലിജു. നാല് ദിവസത്തിനുള്ളിൽ സുമനസ്സുകൾ ആറ് കോടി നൽകിയതിൽ സംതൃപ്തനായ ലിജു കനിവ് വറ്റാത്ത മനുഷ്യരുടെ സഹായം ഇനിയും ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. 15 ദിവസത്തിനുള്ളിൽ ബാക്കി പണം കൂടി കണ്ടെത്തി മരുന്നിനായി ഓര്‍ഡർ നൽകണം. രണ്ട് വയസ്സ് പൂര്‍ത്തിയാകും മുമ്പ് ചികിത്സ തുടങ്ങിയാലേ ഗൗരിക്ക് ജീവിതത്തിലേക്ക് പിച്ചവെച്ച് നടക്കാനാകൂ. ചികിത്സസഹായ സമാഹരണത്തിനായി അച്ഛൻ ലിജുവിന്റെ പേരിൽ പഞ്ചാബ് നാഷനൽ ബാങ്ക് കുളപ്പുള്ളി ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ലിജു കെ.എൽ, അക്കൗണ്ട് നമ്പർ: 4302001700011823, ഐ.എഫ്.എസ്.സി: PUNB0430200, ഗൂഗ്ൾ പേ: ലിജു- 9847200415
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.