ആലത്തൂർ: കാവശ്ശേരി പാടൂർ പീച്ചംങ്കോട്ടിൽ നായാടി വിഭാഗക്കാർ വസിക്കുന്ന ചോർന്നൊലിക്കുന്ന കൂരകൾ അപകടത്തിൽ. മേൽക്കൂരകളിൽ തകരഷീറ്റും ടാർ പായകളും കെട്ടിയാണ് കുടുംബങ്ങൾ കഴിയുന്നത്. 16 കുടുംബങ്ങളുള്ള ഇവിടെ ഒമ്പത് കുടുംബങ്ങൾ നായാടി വിഭാഗക്കാരാണ്.
രണ്ട് പതിറ്റാണ്ട് മുമ്പ് ഇവർക്ക് വീട് അനുവദിച്ചിരുന്നുവെങ്കിലും മണ്ണ് കൊണ്ട് നിർമിച്ച ചുമരുകളും മരവും ഓടും കൊണ്ടുള്ള മേൽക്കൂരകളും കാലപ്പഴക്കത്താൽ ജീർണിച്ച് നശിച്ച നിലയിലാണ്.
ഇവർ വസിക്കുന്ന സ്ഥലം താഴ്ന്ന പ്രദേശമാണ്. അതിന് സമീപത്ത് മുകൾ ഭാഗത്ത് കൂടെയാണ് മംഗലം ജലസേചന പദ്ധതിയുടെ പ്രധാന കനാൽ പോകുന്നത്. കനാൽ നിറയുമ്പോഴെല്ലാം ഇവരുടെ വീടുകളിലേക്ക് നീരുറവ വരുന്നതിനാൽ തറക്കെട്ടിന് വരെ ബലക്ഷയം സംഭവിച്ചിട്ടുണ്ട്. പേമാരിയിൽ വീടുകൾ തകർന്ന് ജീവഹാനി സംഭവിക്കുമോയെന്ന ഭയപ്പാടിലാണ് കുടുംബങ്ങൾ കഴിയുന്നത്.
പ്രദേശത്തേക്ക് ഒരു കോടിയുടെ വികസന പ്രവൃത്തികൾ അനുവദിച്ചതായി വർഷങ്ങൾക്ക് മുമ്പ് ആരോ അറിയിച്ചതിനെ തുടർന്ന് ഇവരാരും സർക്കാറിന്റെ ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷ നൽകിയിട്ടില്ല. എന്നാൽ അങ്ങനെയൊരു പദ്ധതിയെക്കുറിച്ച് ആർക്കും ഇപ്പോൾ അറിവില്ലാത്തതിനാൽ വെട്ടിലായിരിക്കുകയാണിവർ. ഇത് മനസ്സിലാക്കിയ പട്ടികജാതി വികസന ജില്ല ഓഫിസർ 2023 ആഗസ്റ്റ് 21ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടർക്ക് കത്തയച്ചിട്ടുണ്ട്.
ഒരു കോടിയുടെ പദ്ധതി അനുവദിച്ചതായി പറഞ്ഞതുകൊണ്ട് ഇവരാരും ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷ നൽകിയിട്ടില്ലെന്നും ഇവരെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നുമാണ് കത്തിൽ പറയുന്നത്. ജീവൻ നഷ്ടപ്പെടുന്നതിന് മുമ്പ് രക്ഷിക്കുമെന്ന വിശ്വാസത്തിലാണവർ വാസയോഗ്യമല്ലാത്ത കൂരകളിൽ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.