കല്ലടിക്കോട്: ജില്ലയിലെ 14 വില്ലേജുകളെ ഇ.എസ്.എയിൽ അഥവാ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉൾപ്പെടുത്തിയതോടെ ഈ മേഖലയിൽ 3000ൽ പരം കുടുംബങ്ങൾക്ക് സ്വന്തം കൃഷിസ്ഥലങ്ങളും ആവാസ ഗേഹങ്ങളും നഷ്ടപ്പെടുമെന്ന ആശങ്ക ഉയർന്നു. ജില്ലയിലെ 14 വില്ലേജുകളാണ് പുതിയ ഇ.എസ്.എ കരട് വിജ്ഞാപനത്തിലുള്ളത്. കിഴക്കഞ്ചേരി, അഗളി, കള്ളമല, കോട്ടത്തറ, പാടവയൽ, പുതൂർ, ഷോളയൂർ, മുതലമട ഒന്ന്, മുതലമട രണ്ട്, നെല്ലിയാമ്പതി, പാലക്കയം, മലമ്പുഴ ഒന്ന്, പുതുശേരി ഈസ്റ്റ്, പുതുപ്പരിയാരം എന്നീ വില്ലേജുകളാണ് പൂർണമായും ഇ.എസ്.എ പരിധിയിൽ ഉൾപ്പെടുക. കേന്ദ്രസർക്കാർ ജൂലൈ 31നാണ് കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്.
ജനവാസ മേഖലകളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും പരിസ്ഥിതി ലോല പ്രദേശങ്ങളായി പരിഗണിക്കുമ്പോൾ വർഷങ്ങളായി ജീവിച്ച് വരുന്ന ഈ പ്രദേശങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ, ക്രയവിക്രയങ്ങൾ എന്നിവ ഇനി നടത്താനാവില്ല. മാത്രമല്ല, ഉപജീവന രീതിയായി തുടർന്ന് വരുന്ന കൃഷിഭൂമിയും നഷ്ടമാവുമെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ പാലക്കയം പ്രദേശത്ത് നാല് വില്ലേജുകൾ, കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ഇരുമ്പകച്ചോല, പൂഞ്ചോല, തെങ്കര പഞ്ചായത്തിലെ മെഴുകുംപാറ, ആനമൂളി, കരിമ്പ പഞ്ചായത്തിലെ മൂന്നേക്കർ, പുതുക്കാട്, പാലക്കയം പ്രദേശം എന്നിവ പാലക്കയം വില്ലേജിലാണ് ഉൾപ്പെടുക.
പാലക്കയം മലമ്പ്രദേശത്ത് മാത്രം ആയിരത്തിലധികം വീട്ടുകാരുണ്ട്. മറ്റ് വില്ലേജുകളിൽ ഇതിലധികം പേർ ഉൾപ്പെടും. ജനവാസ മേഖലയെയും കൃഷിസ്ഥലങ്ങളും പരിസ്ഥിതി ലോല പ്രദേശങ്ങളിൽനിന്നും ഒഴിവാക്കണമെന്ന് കർഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.