കാഞ്ഞിരപ്പുഴ (പാലക്കാട്): കാഞ്ഞിരപ്പുഴയിൽ നവീന രീതിയിലുള്ള ഉദ്യാനം നിർമിക്കുന്നു. ജലസേചനവകുപ്പും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായാണ് നിലവിലെ ഉദ്യാനം പരിപാലിക്കുന്നത്. കാഞ്ഞിരപ്പുഴ ഡാമിന് താഴെ ചെക്ക്ഡാമിന്റെ ഇടതുവശത്തും നിലവിലെ ഉദ്യാനത്തിന് എതിർവശത്തുമായുള്ള രണ്ടേക്കർ ഭൂമിയിലാണ് പുതിയത് നിർമിക്കുന്നത്.
ഇതിന്റെ രൂപരേഖ തയാറാക്കുന്നതിന് മുന്നോടിയായി വിനോദസഞ്ചാര പാനലിലെ ആർക്കിടെക്ട് സംഘം സ്ഥലം സന്ദർശിച്ചു. ജലസേചനവകുപ്പ് സ്ഥലത്ത് ലോകബാങ്ക് സഹായത്തോടെ മൂന്നു കോടി രൂപ ചെലവഴിച്ചാണ് ഉദ്യാനം നിർമിക്കുന്നത്. ജലസേചനവകുപ്പിനാണ് പുതിയ നിർമാണച്ചുമതല. ആർക്കിടെക്ട് സംഘം ഉടൻ എസ്റ്റിമേറ്റും റിപ്പോർട്ടും രൂപരേഖയും കാഞ്ഞിരപ്പുഴ ജലസേചനപദ്ധതി ഉന്നത ഉദ്യോഗസ്ഥർക്ക് സമർപ്പിക്കും.
ഈ റിപ്പോർട്ട് സംസ്ഥാന ജലസേചനവകുപ്പിന് അംഗീകാരത്തിനായി സമർപ്പിക്കും. അനുമതി കിട്ടുന്നതോടെ കാഞ്ഞിരപ്പുഴയിൽ ഉദ്യാനത്തിന്റെ നിർമാണപ്രവർത്തനങ്ങൾ തുടങ്ങും. ഫെബ്രുവരി മാസാദ്യത്തിൽ നിർമാണം തുടങ്ങും.
പുതിയ ഉദ്യാനത്തിൽ നടപ്പാതകൾ, ഇരിപ്പിടങ്ങൾ, വൈദ്യുതി അലങ്കാരം, പുൽത്തകിടികൾ, തൂക്കുപാലം, കൂടാരങ്ങൾ എന്നിവ ഉണ്ടായിരിക്കും. ചീഫ് ആർക്കിടെക്ട് സി.പി. സുനിൽ, ജലസേചന വകുപ്പ് ഓവർസിയർ വി. വിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.