കല്ലടിക്കോട്: ദേശീയപാത നവീകരിച്ചിട്ടും അപാകത പരിഹരിക്കാത്തതിൽ തുപ്പനാട് മേഖലയിലെ നിവാസികളുടെ അമർഷം പുകയുന്നു. നാട്ടുകൽ-താണാവ് ദേശീയപാത നവീകരണത്തിന് റോഡ് വീതികൂട്ടി നവീകരിച്ചശേഷം പാതവക്കിൽ താമസിക്കുന്ന പരശ്ശതം വീട്ടുകാർ അരക്ഷിതാവസ്ഥയിലാണ്. തുപ്പനാട് സ്വദേശി കുഞ്ഞി മുഹമ്മദിന്റെ വീടിന്റെ പരിസരത്ത് ആഴ്ചകൾക്ക് മുമ്പ് സിമൻറ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞതാണ് അവസാന അപകടം.
ഭാഗ്യംകൊണ്ടാണ് വീട്ടുകാർ രക്ഷപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ ഓട്ടോഡ്രൈവറും ലോറി ഡ്രൈവറും പൂർണമായും സുഖം പ്രാപിച്ചിട്ടില്ല. അടുത്തിടെ രാത്രിയാണ് കരിമ്പ പഞ്ചായത്ത് അംഗം പി.കെ. അബ്ദുല്ലക്കുട്ടിയുടെ വീട്ടിലേക്ക് കാർ പാഞ്ഞ് കയറിയത്. കഴിഞ്ഞദിവസം കാർ തലകീഴായ്മറിഞ്ഞത് പാലം റോഡിനോട് ചേർന്നാണ്.
ദിനംപ്രതി അപകടങ്ങൾ ആവർത്തിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. മുമ്പ് തുപ്പനാട് ജങ്ഷനിൽ ബസ് വെയ്റ്റിങ് ഷെഡ് പൊളിച്ച് നീക്കിയിരുന്നെങ്കിലും പകരം പുതിയ ഷെഡ് നിർമിക്കാത്തതിലും പരിസരവാസികൾക്ക് പ്രതിഷേധമുണ്ട്. കൂടാതെ റോഡ് പുനർനിർമിച്ച ശേഷം തുപ്പനാട് പാലം അപ്രോച്ച് റോഡിൽ ഡ്രൈനേജ് നിർമിച്ചിട്ടില്ല. മഴവെള്ളം വീടുകളിലേക്കാണ് ഒഴുകി എത്തുന്നത്. വഴിവിളക്കുകൾ സ്ഥാപിക്കാത്തതും രാത്രികാല അപകടങ്ങൾക്ക് ആക്കം കൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.