കല്ലടിക്കോട്: പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ വാഹനാപകടങ്ങളിൽ ജീവൻ പൊലിയുന്നവരുടെ എണ്ണം ദിനംപ്രതി കൂടുമ്പോഴും മതിയായ ചികിത്സ സൗകര്യങ്ങൾ ഒരുക്കാതെ അധികൃതർ. അടിയന്തര ചികിത്സ വൈകുന്നത് വാഹനാപകട മരണങ്ങളുടെ നിരക്കിൽ ക്രമാതീതമായ വർധനവാണ് സൃഷ്ടിക്കുന്നത്. അപകടമരണങ്ങൾ കൂടാൻ കാരണം റോഡിന്റെ പോരായ്മകളോ അതിവേഗതയോ മറ്റ് കാരണങ്ങളോ മാത്രമായി കരുതാനാകില്ല. മതിയായ സമയത്ത് അടിയന്തര ചികിത്സ കിട്ടാത്ത സാഹചര്യവും കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ആംബുലൻസ് ഡ്രൈവർമാരും ചുരുക്കം ചില സന്നദ്ധ പ്രവർത്തകരുമാണ് നിരത്തിൽ മരണത്തോട് മല്ലടിക്കുന്നവർക്ക് ആശ്വാസമേകുന്നത്.
മണ്ണാർക്കാട്, പാലക്കാട് താലൂക്ക് പ്രദേശങ്ങളിലൂടെയാണ് പാലക്കാട് - കോഴിക്കോട് ദേശീയപാത കടന്ന് പോകുന്നത്. ഇവിടങ്ങളിൽ പരിമിതമായ എണ്ണം കുടുംബാരോഗ്യ കേന്ദ്രങ്ങളാണുള്ളത്. മാസങ്ങൾക്ക് മുമ്പ് മുണ്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർക്ക് തന്നെ ഹൃദയാഘാതം വന്നപ്പോൾ അടിയന്തര ചികിത്സ സമയത്തിന് നൽകാൻ ആംബുലൻസ് ലഭ്യമല്ലായിരുന്നു. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ആവർത്തിക്കുകയാണ്. 15 വർഷം മുമ്പ് ദേശീയപാതക്കരികെ കല്ലടിക്കോടെ ആരോഗ്യ ഉപകേന്ദ്രം പ്രവർത്തിക്കുന്ന പ്രദേശത്ത് ആധുനിക രീതിയിൽ ആരോഗ്യ വകുപ്പിന്റെ കീഴിൽ ട്രോമ കെയർ യൂനിറ്റ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും തുടർന്ന് വന്ന ബജറ്റുകളിൽ ആ നിർദേശം അവഗണിക്കുകയായിരുന്നു. കോങ്ങാട്, മണ്ണാർക്കാട്, പാലക്കാട് എന്നീ സ്ഥലങ്ങൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അഗ്നിരക്ഷ നിലയങ്ങൾക്ക് കീഴിൽ സിവിൽ ഡിഫൻസ് അംഗങ്ങളുടെ പരിമിതി കാരണം ദേശീയപാതയിൽ അപകടത്തിൽപെടുന്നവർക്ക് മതിയായ പ്രഥമ ശ്രുശ്രൂഷ പോലും നൽകാനാകാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.