കല്ലടിക്കോട്: കാട്ടാനക്കൂട്ടം കൈയേറിയ കൃഷിഭൂമി കർഷകർ ഉപേക്ഷിച്ച നിലയിലായതോടെ ഇവിടം കാട്ടാനകളുടെ താവളങ്ങളായി മാറി. കരിമ്പ, തച്ചമ്പാറ പഞ്ചായത്തുകളുടെ മലയോര മേഖലയിൽ നിരവധി തോട്ടങ്ങളാണ് കാടുകയറി നിൽക്കുന്നത്. രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കാണാനാകാതെയാണ് ഈ സ്ഥിതിയായത്. കരിമ്പ ഗ്രാമപഞ്ചായത്തിലെ വാക്കോട്, ചെറുമല, മീൻവല്ലം, കുറുമുഖം, കരിമല, മുണ്ടനാട് എന്നിവിടങ്ങളിലും തച്ചമ്പാറ പഞ്ചായത്ത് പരിധിയിൽ വരുന്ന പാലക്കയം നിരവ് പ്രദേശങ്ങളിലും വിസ്തൃതിയേറിയ കൃഷിഭൂമി കാടെടുത്ത നിലയിലാണ്.
ഒരു കാലഘട്ടത്തിൽ മികച്ച രീതിയിൽ കൃഷി ചെയ്തിരുന്ന ഇവിടങ്ങളിലെ തെങ്ങ്, കമുക്, റബ്ബർ തുടങ്ങിയ ഫലവൃക്ഷങ്ങളും വാഴയും കിഴങ്ങുവർഗങ്ങളുമുൾപ്പെടെയുള്ള ഇടവിളകളും കാട്ടാനയും കാട്ടുപന്നിയുമുൾപ്പടെ വന്യമൃഗങ്ങൾ നശിപ്പിക്കുകയും പ്രതിരോധിക്കാനുള്ള മാർഗങ്ങൾ പരാജയപ്പെടുകയും ചെയ്തതോടെയാണ് കർഷകരിൽ പലരും കൃഷിയിടം ഉപേക്ഷിക്കുവാൻ നിർബന്ധിതരായത്.
രാസവള വില വർധനവ്, കാർഷിക വിളകളുടെ വിലയിടിവ് എന്നിവ കർഷകരെ വിഷമസന്ധിയിലാക്കിയിട്ടും വന്യമൃഗശല്യത്തിനിടയിലും കൃഷി തുടരുകയായിരുന്നു. നിരന്തരമായ കാട്ടാന ശല്യത്തിൽ ഉപജീവനോപാധികൾ നഷ്ടമായി. ജീവനുപോലും സുരക്ഷിയല്ലാത്ത സാഹചര്യത്തിൽ പണിയെടുക്കാൻ തൊഴിലാളികളെ ലഭിക്കാതെ വരുന്നതും കർഷകരെ നിരാശരാക്കി. ഇതോടെ പല തോട്ടങ്ങളും തരിശുഭൂമിയായി. കാട് കയറിയതോടെ വന്യമൃഗങ്ങൾക്കിത് പകൽ സങ്കേതങ്ങളുമായി .
വനാതിർകളിലായി ഇത്തരത്തിൽ അടിക്കാടുകൾ നിറഞ്ഞ സ്വകാര്യ സ്ഥലങ്ങളിൽ തങ്ങുന്ന കാട്ടാനകൾ രാത്രി സമയങ്ങളിൽ നാട്ടിൻ പുറങ്ങളിലിറങ്ങി കൃഷി നശിപ്പിക്കുന്നതും പതിവായി. ഇത്തരത്തിൽ കാടുകയറിയ സ്വകാര്യ കൃഷിയിടങ്ങൾ പൂർവസ്ഥിതിയിലാക്കാൻ റവന്യു-പഞ്ചായത്ത് ഇടപെടലുണ്ടാകണമെന്നാണ് വനം വകുപ്പ് വാദം. ഇത്തരത്തിൽ കാടുപിടിച്ച തോട്ടങ്ങളുടെ ഉടമകൾക്ക് വെട്ടിത്തെളിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകാനൊരുങ്ങുകയാണ് കരിമ്പ ഗ്രാമപഞ്ചായത്ത് അധികൃതർ. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇത്തരം തോട്ടങ്ങൾ കൃഷിയോഗ്യമാക്കാൻ തയാറാകണമെന്ന് കർഷകരും ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.