കല്ലടിക്കോട്: ഭീതി പടർത്തിയ നാലുമണിക്കൂർ. ദേശീയപാത ഗ്യാസ് ടാങ്കറും ചരക്കുലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് തീപ്പടർന്നുണ്ടായ പുകപടലങ്ങൾ സമീപ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതോടെ പൊന്നംകോട് മേഖലയിലെ വീട്ടുകാർ ഭീതിയുടെ കരിനിഴലിലായിരുന്നു. വീടുകളിൽ ഉണർന്നിരിക്കുന്നവരും സംഭവമറിഞ്ഞ് എഴുന്നേറ്റവരും വാതകം പരന്ന് അപായമുണ്ടാവുമോ എന്ന ആധിയിലായിരുന്നു.
വാഹനങ്ങളുടെ കൂട്ടിയിടിയുടെ ആഘാതത്തിൽ ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടിയത് തീ പടരുന്നതിന് വേഗത കൂട്ടി. സംഭവസ്ഥലത്ത് ഓടിയെത്തി ഒന്നും ചെയ്യാനാവാത്ത നിസ്സഹായാവസ്ഥ. വീട്ടുകാർ വീടുകളിൽനിന്ന് പുറത്തിറങ്ങി നിന്നു. വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഫയർഫോഴ്സ് സ്ഥലെത്തത്തി തീ അണച്ചു തുടങ്ങിയതോടെയാണ് ജനങ്ങൾക്ക് ആശ്വാസമായത്. അഗ്നിരക്ഷ സേനയുടെ റെസ്ക്യൂ ടീം വീട്ടുകാർക്ക് സുരക്ഷ മുൻകരുതൽ നിർദേശം നൽകി.
ദേശീയപാതയിൽ നവീകരണ പ്രവർത്തനം നടക്കാത്ത ഭാഗത്താണ് അപകടമുണ്ടായത്. പൊന്നംകോട് മുതൽ എടായ്ക്കൽ വളവ് വരെ റോഡ് നവീകരണ പ്രവൃത്തി നടന്നതിനാൽ ഇതുവഴി വരുന്ന വാഹനങ്ങൾക്ക് വേഗത ഉണ്ടാവാറുണ്ട്. എന്നാൽ, ഇവിടെ എത്തുമ്പോൾ റോഡിൽ നിറയെ കുഴികളും വളവും ആയതിനാൽ വാഹനങ്ങളുടെ നിയന്ത്രണം തെറ്റുന്നു. ഈ സാഹചര്യവും അപകടത്തിന് നിമിത്തമാവുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.