കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് പാതയിൽ വരുന്നത് 48 അടിപ്പാതകളും രണ്ട് റെയിൽവേ മേൽപാലങ്ങളും. ദേശീയപാത സാങ്കേതിക വിഭാഗം ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കിയതാണ് ഇക്കാര്യം. ഗതാഗത തടസ്സമില്ലാതെ ചരക്ക് വാഹനങ്ങൾക്ക് 100 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ പാകത്തിൽ പാലക്കാട് ജില്ലയിലെ മരുതറോഡ് മുതൽ കോഴിക്കോട് ഒളവണ്ണ വരെ വ്യാപിച്ച് കിടക്കുന്ന 121 മീറ്റർ പാതയാണിത്. കോഴിക്കോടിനും പാലക്കാടിനും ഇടയിൽ പരമാവധി യാത്ര സമയം രണ്ട് മണിക്കൂറായി കുറക്കാൻ പറ്റുമെന്ന സവിശേഷതയുണ്ട്. റോഡ് നിർമാണത്തിനായി 58,400 മെട്രിക് ടൺ മണ്ണാണ് ഉപയോഗിക്കുക. ഏകദേശം 1,22,470 മരങ്ങൾ പദ്ധതി പ്രദേശത്ത് നിന്ന് വെട്ടിമാറ്റും. 2000ൽ പരം ഉടമകളുടെ ഭൂമി കേന്ദ്ര ദേശീയപാത ഉപരിതലമന്ത്രാലയം ഏറ്റെടുക്കുമ്പോൾ 2000 കോടി രൂപ പാലക്കാട് ജില്ലയിൽ മാത്രം വിതരണം ചെയ്യും. പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്ക്, മണ്ണാർക്കാട് താലൂക്ക് എന്നിവിടങ്ങളിലെ 21 വില്ലേജുകളിലൂടെയാണ് പാത കടന്നുപോകുക. ഗ്രീൻഫീൽഡ് പാത വരുന്നത് വഴി ചെന്നൈ-കോഴിക്കോട് വ്യവസായ ഇടനാഴിക്ക് ബദലാവും. 37,130 മെട്രിക് ടൺ സ്റ്റീലും 1,060,610 മെട്രിക് ടൺ മണലും നിർമാണത്തിന് വേണം. 39 ഗ്രാമങ്ങളുടെ മുഖഛായ തന്നെ മാറ്റിമറിക്കുന്ന പദ്ധതിയാണിത്.
അതേസമയം, മൂന്നുവർഷം മുമ്പ് ആരംഭിച്ച പദ്ധതി പ്രവർത്തനങ്ങൾ അവസാനഘട്ട പ്രവർത്തനങ്ങളിലേക്ക് ചുവടുവെക്കുമ്പോഴും പലർക്കും നഷ്ടപരിഹാരം നൽകുന്നതിൽ അനാസ്ഥ തുടരുകയാണ്. വിശദമൂല്യനിർണയ റിപ്പോർട്ട് അഥവ ഡി.വി.ആറിന്റെ കേന്ദ്ര തല അംഗീകാരം കിട്ടാത്തതാണ് ഭൂവുടമകളെ ദുരിതത്തിലാക്കിയത്. നാല് വില്ലേജുകളിലെ സ്ഥലവും വീടും നഷ്ടപ്പെടുന്നവർ നഷ്ടപരിഹാര തുക കിട്ടാൻ വൈകുന്നതിൽ ആശങ്കയിലാണ്. ഇതിനിടയിൽ സ്ഥലമെടുപ്പ് ഉന്നത ഉദ്യോഗസ്ഥൻ സ്ഥലം മാറിയതും ആവശ്യത്തിന് സ്ഥലമെടുപ്പ് ഉദ്യോഗസ്ഥരുടെ കുറവും വിനയായി. സമയബന്ധിതമായി തന്നെ ഗ്രീൻഫീൽഡ് പാതക്ക് ഭൂമിയും മറ്റും വിട്ടുകൊടുക്കുന്നവർക്ക് നഷ്ടപരിഹാരം കൈമാറുമെന്നാണ് അധികൃതരുടെ നിലപാട്. അതിനിടെ തച്ചമ്പാറ, തെങ്കര ഗ്രാമപഞ്ചായത്തിലെ ഗ്രീൻഫീൽഡ് പാതയുടെ ഇരകൾ കലക്ടർ എസ്. ചിത്രയെ കണ്ട് പരാതി ബോധിപ്പിച്ചു. നഷ്ടപരിഹാര കൈമാറ്റം വേഗത്തിലാക്കാൻ നിർദേശം നൽകുമെന്ന് കലക്ടർ അറിയിച്ചു.
മണ്ണാർക്കാട്: ഗ്രീൻ ഫീൽഡ് ഹൈവേ കടന്നുപോകുന്ന തെങ്കര, തച്ചമ്പാറ വില്ലേജുകളിലെ സ്ഥല ഉടമകൾക്കുള്ള നഷ്ടപരിഹാരം വൈകുന്നതായി പരാതി. കഴിഞ്ഞ ഒരു വർഷത്തിലധികമായി ആധാരവും മറ്റു അനുബന്ധ രേഖകളും നൽകിയിട്ടും തുക ലഭിക്കാത്തതിൽ ആശങ്കയിലാണ് നാട്ടുകാർ. വീടിനും സ്ഥലത്തിനും നഷ്ടപരിഹാരത്തുക ലഭിക്കുമെന്ന് കരുതി വേറെ സ്ഥലം വാങ്ങിയവർ അഡ്വാൻസ് തുക കൊടുത്തെങ്കിലും ശേഷിക്കുന്ന പണം നൽകാൻ കഴിയാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
മണ്ണാർക്കാട് രണ്ട് വില്ലേജിൽപ്പെട്ട തെങ്കര പഞ്ചായത്തിൽ മാത്രം അറുപതോളം കുടുംബങ്ങളാണ് വീടും സ്ഥലവും നഷ്ടപ്പെടുന്നവർ.
തച്ചമ്പാറ വില്ലേജിലും സമാന സ്ഥിതിയാണ്. നഷ്ടപരിഹാരം വൈകുന്നതിൽ പ്രതിഷേധിച്ച് ഭൂവുടമകൾ ശക്തമായ പ്രതിഷേധ സമരത്തിന് ഒരുങ്ങുകയാണ്. ഇതിന്റെ മുന്നോടിയായി ഗ്രീൻ ഫീൽഡ് ഹൈവേ ഇരകൾ കഴിഞ്ഞദിവസം തെങ്കരയിൽ സംഗമിച്ചു.
നഷ്ടപരിഹാരത്തുക ഇനിയും വൈകിയാൽ ശക്തമായ സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം. ഹരിദാസ്, ടി.കെ. ഹംസക്കുട്ടി, ഖാലിദ്, രാമകൃഷ്ണൻ, വി.കെ. റഷീദ്, ശിവൻ, ശംസുദ്ദീൻ, ഷിജു, സുരേഷ്, ഗിരീഷ്, രാമൻകുട്ടി, ബിജു തച്ചമ്പാറ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.