കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് നിർദിഷ്ട ഗ്രീൻഫീല്‍ഡ് ഹൈവേക്കായി പാലക്കാട് ജില്ലയില്‍ സ്ഥലമേറ്റെടുത്തതിന്റെ നഷ്ടപരിഹാര വിതരണം അവസാന ഘട്ടത്തിലെത്തിയതോടെ പാത നിർമിക്കുന്നതിന് മുന്നോടിയായുള്ള ടെൻഡർ ഉടനെന്ന് ദേശീയപാത അതോറിറ്റി. ഭൂമിയും സ്ഥാവര ജംഗമ വസ്തുക്കളും പാത നിർമിക്കുന്നതിനുള്ള വിട്ടുനൽകുന്നവർക്കുള്ള നഷ്ടപരിഹാരം അവശേഷിക്കുന്ന 10 ശതമാനം പേർക്ക് ഒരുമാസത്തിനകം നഷ്ടപരിഹാരം കൈമാറും. ഏകദേശം 2000 കോടി രൂപയാണ് നഷ്ടപരിഹാരം നല്‍കാനായി കേന്ദ്രം അനുവദിച്ചത്. മരുതറോഡ് മുതല്‍ എടത്തനാട്ടുകരവരെയുള്ള 21 വില്ലേജുകളിലൂടെയാണ് പാത കടന്നുപോകുക. 61.3 കിലോമീറ്ററാണ് ദൂരം.
രേഖകള്‍ കൃത്യമായി ഹാജരാക്കാത്തതും വൈകി നല്കിയതുമായ അപേക്ഷകള്‍, പാതക്കായി ഏറ്റെടുക്കേണ്ട വനഭൂമി എന്നിവയാണ് ശേഷിക്കുന്ന 10 ശതമാനത്തിലുള്പ്പെടുന്നതെന്ന് അധികൃതർ വിശദീകരിച്ചു. അകത്തേത്തറ, മുണ്ടൂർ, അലനല്ലൂർ പഞ്ചായത്തുകളിലാണ് ഗ്രീൻഫീല്‍ഡ് പാതയുടെ വനാതിർത്തിയുള്ളത്. വനമേഖല ഭൂമി ഏറ്റെടുക്കുന്നതിനുള്ള സർവേ നടപടിക്രമങ്ങള്‍ പൂർത്തിയാക്കി ദേശീയപാത വിഭാഗത്തിന് റിപ്പോർട്ടും കൈമാറി. കേന്ദ്രാനുമതി ലഭ്യമാകുന്നതോടെ ബാക്കിയുള്ള ഭൂമി ഏറ്റെടുക്കല്‍ പൂർത്തികരിക്കും.
റവന്യൂ, സാമൂഹിക വനവത്കരണം, കൃഷി, പൊതുമരാമത്ത് വകുപ്പുതല ഉദ്യോഗസ്ഥരാണ് സ്ഥലമെടുപ്പ് പ്രക്രിയയിൽ പങ്കാളിയാവുന്നത്. പാലക്കാട് മരുതറോഡ് മുതല്‍ കോഴിക്കോട് ജില്ലയിലെ ഇരിങ്ങല്ലൂർവരെ 121 കിലോമീറ്റർ ദൂരമാണ് ഗ്രീൻഫീല്‍ഡ് പാതയുടെ ദൈർഘ്യം. 45 മീറ്റർ വീതിയിലാണ് സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കുക. പട്ടണ സാമീപ്യം, ഏറ്റെടുക്കുന്ന സ്ഥലത്തിലേക്കുള്ള അകലം, സ്ഥലത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകത, നിലവിലെ വിപണിവില എന്നിവയെല്ലാം പരിഗണിച്ചാണ് സ്ഥലവും വീടും വിട്ടുനല്‍കിയവർക്ക് നഷ്ടപരിഹാരം നിർണയിച്ച തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈ മാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.