കല്ലടിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ ജില്ലയിലേക്ക് നേതാക്കളുടെ വൻനിരയെത്തുന്നു. പര്യടനവും റോഡ് ഷോയും യു.ഡി.എഫ് സ്ഥാനാർഥി വി.കെ. ശ്രീകണ്ഠൻ ഒരുവട്ടം പൂർത്തിയാക്കി. എൽ.ഡി.എഫ് സ്ഥാനാർഥി എ. വിജയരാഘവൻ മൂന്നാംഘട്ട പര്യടനം ആരംഭിച്ചു. ഗൃഹസദസ്സുകളും ബൂത്ത്തല യോഗങ്ങളും നടന്ന് വരുന്നു. ഈ മാസം 13ന് വൈകീട്ട് ഏഴിന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ കോങ്ങാട്ടും രമേശ് ചെന്നിത്തല ഏപ്രിൽ 12ന് കാഞ്ഞിരപ്പുഴയിലും യു.ഡി.എഫ് പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഈ മാസം 15ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ചിറക്കൽപ്പടിയിൽ എൽ.ഡി.എഫ് റാലിയിൽ സംസാരിക്കും. ഏപ്രിൽ 15ന് രാവിലെ 10ന് സി.പി.എം നേതാവ് സുഭാഷിണി അലി പട്ടാമ്പിയിലും ഉച്ചക്ക് ഷൊർണൂരിലും 17 ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ പട്ടാമ്പിയിലും വൈകീട്ട് അഞ്ചിന് മണ്ണാർക്കാട്ടും ആറിന് പാലക്കാട് കോട്ടമൈതാനത്തും സംസാരിക്കും.
സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി 20ന് രാവിലെ 10ന് അട്ടപ്പാടിയിലും വൈകീട്ട് അഞ്ചിന് തെങ്കരയിലും ആറിന് കുമരംപുത്തൂരിലും സംസാരിക്കും. 16ന് വൈകീട്ട് അഞ്ചിന് മുൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഒറ്റപ്പാലത്തും ആറിന് ഷൊർണൂരിലും സംസാരിക്കും. 18ന് വൈകീട്ട് ആറിന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഒറ്റപ്പാലത്തും രാവിലെ 10ന് പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് മലമ്പുഴയിലും വൈകീട്ട് അഞ്ചിന് കരിമ്പയിലും ആറിന് മണ്ണൂരിലും സംസാരിക്കും.
പാലക്കാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി വി.കെ. ശ്രീകണ്ഠൻ ചൊവ്വാഴ്ച വാളയാറിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. ഉച്ചക്ക് മുമ്പ് കഞ്ചിക്കോട്ട്, പുതുശ്ശേരി മേഖലയിലെ തൊഴിലാളികളെയും വീട്ടമ്മമാരെയും നേരിൽ കണ്ട് വോട്ട് അഭ്യർഥിച്ചു. വൈകീട്ട് പാലക്കാട് ടൗണിൽ പര്യടനം നടത്തി. എൽ.ഡി.എഫ് സ്ഥാനാർഥി എ. വിജയരാഘവൻ ചൊവ്വാഴ്ച രാവിലെ 10ന് തൂത പുഴയോരത്തിനടുത്ത് കാറൽമണ്ണയിൽ എത്തി. കുറുവട്ടൂരിലും മുറിയങ്കണ്ണിയിലും വെള്ളിനേഴിയിലും വോട്ടർമാരെ കണ്ടു. വളയംമൂച്ചി, പൊട്ടച്ചിറ, കയിലാട്, മോളൂർ എന്നിവിടങ്ങളിലും പര്യടനം നടത്തി. ചുഡുവാലത്തൂരിന് സമീപം നെടുങ്ങോട്ടൂരിൽ പര്യടനം തീരുമ്പോൾ രാത്രി ഏറെ വൈകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.