കല്ലടിക്കോട്: അപകടഭീതി ഒഴിവാകാതെ ദേശീയപാതവക്കിലെ നിവാസികൾ. പാലക്കാട് -കോഴിക്കോട് 966 ദേശീയപാത നവീകരിച്ച് നാടിന് സമർപ്പിച്ചിട്ടും പാതയോര നിവാസികൾക്ക് മതിയായ സുരക്ഷക്രമീകരണങ്ങൾ പലയിടങ്ങളിലും സജ്ജീകരിച്ചിട്ടില്ല. താണാവ് - ദേശീയപാത നവീകരണ പ്രവൃത്തി അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് ആരംഭിച്ചത്.
ഘട്ടംഘട്ടമായാണ് നവീകരണം പൂർത്തിയാക്കിയത്. ദിവസങ്ങൾക്കുമുമ്പാണ് നവീകരിച്ച പാത നാടിന് സമർപ്പിച്ചത്. ചിറക്കൽപ്പടി, ചൂരിയോട്, മുള്ളത്ത് പാറ, കരിമ്പ, പനയമ്പാടം, തുപ്പനാട്, കല്ലടിക്കോട്, ചുങ്കം, വേലിക്കാട്, മൈലംപുള്ളി, മുട്ടിക്കുളങ്ങര എന്നിവിടങ്ങളിൽ പാതയോരങ്ങളിലെ കെട്ടിടങ്ങളിലേക്ക് വാഹനങ്ങൾ ഇരച്ചുകയറിയും മറ്റും വാഹനാപകടങ്ങൾ പതിവായിരിക്കുകയാണ്.
റോഡ് വീതികൂട്ടി പുനർ നിർമിച്ചപ്പോൾ രാത്രികാല അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് ഒന്നരവർഷം മുമ്പാണ് തുപ്പനാട് അടക്കമുള്ള പ്രദേശവാസികൾ ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ദേശീയപാത എൻജിനീയറിങ് ഉദ്യോഗസ്ഥരെ നേരിട്ട് സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ, നടപടി സ്വീകരിക്കാൻ അധികൃതർ തുനിഞ്ഞില്ലെന്നാണ് തദ്ദേശവാസികളുടെ ആക്ഷേപം.
നാലിടങ്ങളിലുണ്ടായ അപകടങ്ങളിൽ പാതയോര നിവാസികൾക്ക് അരക്കോടിയുടെ നാശനഷ്ടം സംഭവിച്ചതായി നാട്ടുകാർ പറയുന്നു. മറ്റിടങ്ങളെ അപേക്ഷിച്ച് ചിറക്കൽപ്പടി, തുപ്പനാട് പുതിയ പാലം പരിസരം എന്നിവിടങ്ങളിൽ ദേശീയപാതവക്കിൽ താമസിക്കുന്ന നിരവധി കുടുംബങ്ങൾ ഭീതിയുടെ കരിനിഴലിലാണ്.
ദേശീയപാതയിൽ ഏറ്റവും ഒടുവിലായി ചിറക്കൽപ്പടി മൈത്രി ഓഡിറ്റോറിയത്തിന് സമീപത്തെ കെട്ടിടത്തിലേക്ക് പാഞ്ഞുകയറിയ കാർ കെട്ടിടത്തിന് നാശനഷ്ടം ഉണ്ടാക്കി. ഭാഗ്യവശാൽ ആളപായം ഒഴിവായി. നാട്ടുകാർ സംഘടിച്ച് സംയുക്ത പ്രക്ഷോഭം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.