കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് 966 ദേശീയപാതയിൽ ജില്ലക്കകത്ത് ഏകദേശം 40ലധികം കിലോമീറ്റർ പ്രവർത്തന പരിധിയിൽ ശുചിമുറി സൗകര്യങ്ങളില്ല. മണ്ണാർക്കാടിനും ഒലവക്കോടിനും ഇടയിൽ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പൊതുവെ സ്ഥലങ്ങളില്ല തന്നെ. ഇനി നിർമാണം പൂർത്തിയാക്കിയിട്ടും ശൗചാലയങ്ങൾ തുറക്കാത്ത രണ്ടിടങ്ങൾ കൂടി ഈ മേഖലയിലുണ്ട്.
മുണ്ടൂർ, കരിമ്പ, കാഞ്ഞിരപ്പുഴ, തച്ചമ്പാറ, പുതുപ്പരിയാരം എന്നീ ഗ്രാമപഞ്ചായത്തുകൾ സ്പർശിച്ചാണ് ദേശീയപാത 966 കടന്നുപോകുന്നത്. പൊതുയിടങ്ങളിൽ ജനസാന്ദ്രത, ആവശ്യകത എന്നിവ പരിഗണിച്ച് ടോട്ടൽ സാനിറ്റേഷൻ പ്രോഗ്രാമിന്റെ ഭാഗമായി സാധ്യമായ സ്ഥലങ്ങളിൽ പബ്ലിക് കംഫർട്ട് സ്റ്റേഷൻ നിർമിക്കണമെന്ന കേന്ദ്ര ഗ്രാമവികസന വകുപ്പ് ,ബ സംസ്ഥാന തദ്ദേശവകുപ്പ് എന്നിവയുടെ ഉത്തരവിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഈ ഉത്തരവാണ് പൊടിപിടിച്ച് കിടക്കുന്നത്.
നിലവിൽ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ചിറക്കൽപ്പടിയിൽ വഴിയിട വിശ്രമകേന്ദ്രത്തിൽ ശുചിമുറി സൗകര്യം ഏർപ്പെടുത്തും. നിർമാണം പൂർത്തീകരിച്ചാൽ ഇവ തുറക്കും.
ഒലവക്കോട്ടും പൊതു ശുചിമുറിക്ക് സൗകര്യം നഗരസഭക്കു കീഴിൽ തുടങ്ങിവെച്ച സംരംഭം പ്രാവർത്തികമായിട്ടില്ല. മുണ്ടൂർ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡ്, കരിമ്പ ഗ്രാമപഞ്ചായത്തിലെ കല്ലടിക്കോട് ടി.ബി. സെന്ററിലെ നിർമാണം പൂർത്തിയായ ടേക്ക് എേബ്രക്ക്- വഴിയിട വിശ്രമകേന്ദ്രം ഇനിയും തുറന്നു കൊടുത്തിട്ടുമില്ല.
മുണ്ടൂർ ടൗണിലെ ബസ് സ്റ്റാൻഡിൽ ബസുകൾ പ്രവേശിക്കാത്തതാണ് പ്രശ്നമെങ്കിൽ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവർത്തന പരിധിയിൽ വരുന്ന ശുചിമുറി സൗകര്യങ്ങൾ ദർഘാസ് നടപടി നീളുന്നതാണ് കരിമ്പയിലെ ഗ്രാമപഞ്ചായത്തിലെ കല്ലടിക്കോട്ട് കംഫർട്ട് സ്റ്റേഷന്റെ പ്രവർത്തനത്തിന് പ്രതിസന്ധി മൂർഛിച്ചത്.
അധികൃതരുടെ മെല്ലെപോക്കിന് രണ്ടുവർഷം പിന്നിടുകയാണ്. 10 മുതൽ 23 കിലോമീറ്റർ അകലെനിന്നും കരിമ്പയിലെയും സമീപ പഞ്ചായത്തുകളിലെയും മലയോര ഉൾനാടൻ ഗ്രാമങ്ങളിൽനിന്നും അതിരാവിലെ അഞ്ചര മുതൽ രാത്രി വൈകിവരെയും പാലക്കാട് ജങ്ഷൻ റെയിൽവേ സ്റേഷൻ ഉൾപ്പെടെ വടക്ക് തെക്കൻ വിദൂര ദിക്കുകളിലേക്ക് നിത്യേന യാത്ര ചെയ്യുന്നതിന് സ്ത്രീകളും കുഞ്ഞുങ്ങളും പുരുഷന്മാരും ഒരുപോലെ ആശ്രയിക്കുന്ന പ്രധാന കേന്ദ്രമാണിവിടം. കാഞ്ഞിരപ്പുഴ, മീൻവല്ലം, ശിരുവാണി, മലമ്പുഴ ടൂറിസം കേന്ദ്രങ്ങളിലേക്കും നൂറുകണക്കിന് വിനോദസഞ്ചാരികൾ 966 ദേശീയപാതയെ മാത്രം നിത്യേന ആശ്രയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.