കല്ലടിക്കോട്: പാതിവഴിയിലായ പാലക്കയം-ശിരുവാണി റോഡിന്റെ നിർമാണം ഇനിയും വൈകാൻ സാധ്യത. 2018, 2019 വർഷങ്ങളിലുണ്ടായ പ്രകൃതിക്ഷോഭങ്ങളിലാണ് പാലക്കയം-ശിരുവാണി ഡാം പ്രദേശത്തേക്കുള്ള റോഡിന്റെ അര ഡസനിൽപരം കേന്ദ്രങ്ങളിലാണ് മണ്ണിടിച്ച് താഴ്ന്ന് പാത തന്നെ ഇല്ലാതായത്. ഇഞ്ചിക്കുന്ന്-എസ് വളവ് മേഖലയിലാണ് റോഡ് നവീകരിക്കാനുള്ളത്.
റോഡ് നിർമാണത്തിന് മുന്നോടിയായി പൊതുമരാമത്ത്, റവന്യൂ, ജലസേചന, വനം വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ നാല് തവണ സ്ഥലം സന്ദർശിച്ച ശേഷമാണ് ശിരുവാണി പാതയുടെ പുനർനിർമാണത്തിന് പ്രത്യേക പദ്ധതി തയാറാക്കിയത്. പാലക്കയം മുതൽ ഇഞ്ചിക്കുന്ന് വരെ മൂന്ന് ഘട്ടങ്ങളിലായി അറ്റകുറ്റപ്പണി പൂർത്തിയാക്കി. ഇഞ്ചിക്കുന്ന് മുതൽ എസ് വളവ് വരെയുള്ള സ്ഥലങ്ങളിൽ അഞ്ചിടങ്ങളിൽ സുരക്ഷിത യാത്രക്ക് സജ്ജമായ പാതയുടെ പുനർനിർമാണം പൂർത്തിയായിട്ടില്ല.
പ്രളയാനന്തരം കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിൽ റോഡ് തുടച്ചുനീക്കപ്പെട്ട സ്ഥലങ്ങളിൽ കല്ലും മണ്ണും ഉപയോഗിച്ച് സ്ഥലം നികത്തി താൽക്കാലിക പാത ഒരുക്കി. ഇത്തരം പ്രദേശങ്ങളിൽ ആത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പുതിയ റോഡ് നിർമിക്കണമെന്ന നിർദേശം ജലസേചന വകുപ്പ് സംസ്ഥാന സർക്കാറിന് സമർപ്പിച്ചു. തുടർപ്രക്രിയയുടെ ഭാഗമായി ഈയിടെ റോഡ് നിർമാണത്തിന് രൂപരേഖ തയാറാക്കാൻ പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചിരുന്നു. പൊതുമരാമത്ത് ഉദ്യോഗസ്ഥർ നിർദേശിക്കുന്ന രീതിയിൽ പുതിയ റോഡിന് രൂപരേഖ തയാറാക്കും. ഇതിന് അനുസൃതമായ പ്രോജക്ട് സർക്കാറിന് സമർപ്പിച്ച് അംഗീകാരം വാങ്ങിയ ശേഷമാണ് പുനർനിർമാണത്തിന് ഫണ്ട് അനുവദിക്കുക. ശിരുവാണി പാരിസ്ഥിതിക വിനോദസഞ്ചാര മേഖലയിലേക്കുള്ള റോഡ് ഉൾപ്പെടെയുള്ള സുരക്ഷ മാനദണ്ഠങ്ങൾ പരിഗണിച്ച് അഞ്ച് വർഷമായി സന്ദർശന വിലക്ക് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.