കല്ലടിക്കോട്: റിസ്റ്റ് ബംഗ്ലാവ് ജങ്ഷനിൽ രണ്ടര വർഷം മുമ്പ് ഉദ്ഘാടനം നിർവഹിച്ച വിശ്രമകേന്ദ്രം അടഞ്ഞുതന്നെ. വഴിയാത്രക്കാർ ശങ്ക അകറ്റാൻ പ്രാഥമിക സൗകര്യങ്ങൾ ഉപയോഗിക്കാൻ പറ്റാതെ വലയുന്നു. തദ്ദേശസ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടനുബന്ധിച്ച് നാല് വർഷം മുമ്പ് ഉദ്ഘാടനം നടത്തിയ കംഫർട്ട് സ്റ്റേഷൻ അടച്ചിട്ട് ഏറെക്കാലമായി.
രണ്ട് വർഷംമുമ്പ് പൊതു ശൗചാലയം വിപുലീകരിച്ച് വഴിയിട വിശ്രമകേന്ദ്രമാക്കി പരിവർത്തിപ്പിച്ചു. പാലക്കാട് -കോഴിക്കോട് കാഞ്ഞിരപ്പുഴ ദേശീയപാതക്കടുത്ത് കെ.പി.ഐയുടെ അധീനതയിലുള്ള പൊതുസ്ഥലത്തിനോട് ചേർന്നാണ് വഴിയിട വിശ്രമകേന്ദ്രം സ്ഥിതിചെയ്യുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് ടേക്ക് എ ബ്രേക്ക് കെട്ടിടം നിർമിച്ചത്.
രണ്ടുമുറികളും ക്ലോക്ക് റൂം ഒരുക്കി. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യങ്ങളും പ്രത്യേകം ഒരുക്കിയിരുന്നു. എട്ടു മാസം പൂർണമായി കെട്ടിടം പ്രവർത്തന സജ്ജമായിട്ടും അടച്ചിടുകയായിരുന്നു. ആഴ്ചകൾക്ക് മുമ്പാണ് ജലലഭ്യത ഉറപ്പാക്കിയത്. മണ്ഡലകാലത്തോടനുബന്ധിച്ച് നിരവധി തീർഥാടകർ കല്ലടിക്കോട് വഴിയാണ് സഞ്ചരിക്കുന്നത്.
ഒലവക്കോടിനും മണ്ണാർക്കാടിനും ഇടയിൽ ദേശീയ പാതയിൽ നിലവിൽ പൊതു ശൗചാലയങ്ങളുമില്ല. അതേസമയം, നടത്തിപ്പിന് കരാറുകാരനെ കണ്ടെത്താനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന മുറക്ക് വഴിയിട വിശ്രമകേന്ദ്രം തുറക്കാൻ പറ്റുവെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം ഓമന രാമചന്ദ്രൻ പറഞ്ഞു. വഴിയിട വിശ്രമകേന്ദ്രം തുറക്കാൻ ബ്ലോക്ക് പഞ്ചായത്ത് മുന്നിട്ടിറങ്ങണമെന്ന നിലപാടാണ് കരിമ്പ ഗ്രാമ പഞ്ചായത്തിനുള്ളതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രനും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.