കല്ലടിക്കോട്: ശിരുവാണി പാരിസ്ഥിതിക വിനോദ സഞ്ചാരമേഖലയിലെ റോഡിന്റെ പുനർനിർമാണത്തിന് പുതിയ രൂപരേഖ സമർപ്പിച്ചത് മൂന്നാം വട്ടവും തിരിച്ചയച്ചു. പുതിയ ഡിസൈനാണ് പൊതുമരാമത്ത് റോഡ് ഉന്നത ഉദ്യോഗസ്ഥർക്ക് അംഗീകാരത്തിന് സമർപ്പിച്ചിരുന്നത്. ഈ പ്ലാനും എസ്റ്റിമേറ്റും അംഗീകരിച്ച റിപ്പോർട്ട് ജില്ല എൻജിനീയറിങ് വിങ്ങിന് ലഭിച്ചാൽ റോഡ് നവീകരണം തുടങ്ങാമെന്ന് ശിരുവാണി ഡാമിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പ്രതീക്ഷക്ക് ഇതോടെ മങ്ങലേറ്റു.
പ്രളയകാലത്ത് തകർന്ന പാതയിൽ അഞ്ചുവർഷക്കാലമായി സുരക്ഷിത യാത്രക്ക് സംവിധാനമായതുമില്ല. ഇത് കാരണം ശിരുവാണി ഇക്കോ ടൂറിസം മേഖല വിനോദസഞ്ചാരികൾക്ക് പൂർണാർഥത്തിൽ ആസ്വാദിക്കാനുള്ള സാഹചര്യം അടഞ്ഞ മട്ടാണ്.
നാല് വർഷക്കാലമായി സാങ്കേതികാനുമതി കിട്ടുന്ന പ്രവർത്തനങ്ങൾ മാറിവരുന്ന ഓരോ ഉദ്യോഗസ്ഥരും നിർവഹിച്ചിട്ടും ഫലം കണ്ടതുമില്ല. ഏറ്റവും ഒടുവിൽ ഇതുമായി ബന്ധപ്പെട്ട് ആറുമാസം മുമ്പ് പാലക്കാട് പൊതുമരാമത്ത് പാത വിഭാഗം എൻജിനീയറും ഉദ്യോഗസ്ഥ സംഘവും ശിരുവാണി മലയോര മേഖലയിലെ റോഡ് സന്ദർശിച്ചിരുന്നു. ഈപരിശോധന അടിസ്ഥാനമാക്കിയാണ് റോഡ് പുനർനിർമാണത്തിന് പുതിയ ഡിസൈൻ ഉന്നത ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചിരുന്നത്.
പുനരുദ്ധാരണ പ്രവൃത്തിക്ക് സമർപ്പിച്ച രൂപരേഖ പറ്റിയതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റോഡ് പുനർനിർമാണ ഡിസൈൻ മടക്കി അയച്ചത്. കരിമ്പ ഗ്രാമപഞ്ചായത്തിലെ ഇടക്കുർശി ഭാഗത്ത് ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ശിരുവാണി മലമ്പാത പാലക്കയം ഭാഗത്തേക്ക് റോഡ് അറ്റകുറ്റപണി ഒരുവർഷം മുമ്പ് പൂർത്തിയാക്കിയെങ്കിലും അവശേഷിക്കുന്നയിടങ്ങളിൽ പുനരുദ്ധാരണ പ്രവൃത്തി നടത്തി താൽകാലികമായി സഞ്ചരിക്കാൻ പാത ഒരുക്കുകയായിരുന്നു.
നാല് കിലോമീറ്റർ മാത്രം പാതയാണ് പുനരുദ്ധാരണ പ്രവൃത്തി നടത്തിയത്. ഇഞ്ചിക്കുന്ന് മുതൽ കേരളമേട് കേരള സംസ്ഥാന അതിർത്തി വരെയുള്ള 18 കിലോമീറ്റർ റോഡ് മണ്ണിട്ട് ഉയർത്തുക മാത്രമാണ് ചെയ്തത്. 2018 മുതൽ രണ്ട് പ്രളയകാലങ്ങളിലും റോഡ് നാമാവശേഷമായ എസ്.വളവ് പാതയുടെ ഭാഗം പുനർനിർമാണമാണ് ചുവപ്പ് നാടയിൽ കുരുങ്ങിയത്. രണ്ടരവർഷം മുമ്പ് മണ്ണിട്ട് നികത്തി ശിരുവാണി ഡാമിലേക്കും വനമേഖലക്കും താൽകാലിക പാതയുണ്ട്. ശിരുവാണി ഡാമിന്റെ പരിപാലനം കേരള സംസ്ഥാന ജലസേചന വകുപ്പിനാണ്.
അറ്റകുറ്റപ്പണി, പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തമിഴ്നാട് ഗവൺമെൻറാണ് പണം നൽകുന്നത്. അതേസമയം, ശിരുവാണി ഡാം പ്രദേശത്തേക്കുള്ള എസ്.വളവ് ഭാഗത്തേ പാതയുടെ പുനർനിർമാണത്തിന് പുതിയ ഡിസൈൻ സമർപ്പിക്കുമെന്ന് ജലസേചന വകുപ്പ് ഉന്നത ഉദ്യോഗസ്ഥൻ മാധ്യമത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.